നവജാത ശിശുക്കളുടെ പരിചരണത്തിനായി ‘നിയോ ക്രാഡില്‍’ പദ്ധതി ആരംഭിക്കുന്നു; ട്രയല്‍ റണ്ണിന് ജില്ലയില്‍ നാളെ തുടക്കമാവും
കോഴിക്കോട്: കോഴിക്കോട് ജില്ലാ ഭരണകൂടവും ജില്ലാ ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെയും നാഷണല്‍ നിയോനേറ്റല്‍ ഫോറത്തിന്റെയും സഹകരണത്തോടെ സംയുക്തമായി നിയോ ക്രാഡില്‍ പദ്ധതി ആരംഭിക്കുന്നു. നവജാത ശിശുക്കളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ശരീരോഷ്മാവ് കുറയുന്ന അവസ്ഥ, രക്തത്തിലെ ഗ്ലൂക്കോസ് കുറയുന്ന അവസ്ഥ, ഓക്‌സിജന്‍ കുറയുന്ന അവസ്ഥ എന്നീ പ്രധാനപ്പെട്ട ഐ.സി.യു കെയര്‍ ആവശ്യമായ കുരുന്നുകളെ പ്രത്യേകം സജ്ജീകരിച്ച ഐ.സി.യു ആംബുലന്‍സില്‍ ജില്ലയിലെ ടേര്‍ഷ്യറി കെയര്‍ ആശുപത്രിയില്‍ എത്തിച്ച് മികച്ച പരിചരണം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിക്കായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പ്രത്യേകം വെബ്‌സൈറ്റ് ഇതിനോടകം തയ്യാറായി കഴിഞ്ഞു. ജില്ലയിലെ എല്ലാ ആശുപത്രികളിലേയും ഐ.സി.യു ബെഡ് ഒഴിവുകള്‍ അറിയാനും കുരുന്നുകളെ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നതിന് മുന്‍പ് ആശുപത്രി വിഭാഗവുമായി ടെലികോളിംഗ് സംവിധാനത്തിലൂടെ നേരിട്ട് സംഭാഷണം നടത്താനും കുരുന്നുകള്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ആശുപത്രിയില്‍ ഉറപ്പ് വരുത്താനും പദ്ധതിയിലൂടെ സാധിക്കും.
ടെര്‍ഷ്യറി സെന്ററുകളില്‍ എം എന്‍ സി യു , മുലപ്പാല്‍ ബാങ്ക് എന്നീ സൗകര്യങ്ങള്‍ ആരംഭിക്കുക, ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ നവജാത ഐ സി യു നെറ്റ് വര്‍ക്കിങ്ങിനുള്ള സമ്പൂര്‍ണ ഐ ടി പ്ലാറ്റഫോം, വെബ്‌സൈറ്റിലൂടെ ഗര്‍ഭിണികള്‍, നവജാതശിശുക്കള്‍, കുട്ടികള്‍ എന്നിവര്‍ക്ക് ആരോഗ്യമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങള്‍, വിദഗ്ധരുടെ ലേഖനങ്ങള്‍, കൂടാതെ നവജാത ശിശു പരിചരണ വിഭാഗത്തിന്റ ഉന്നമനം, പ്രോട്ടോകോള്‍ ബേസ്ഡ് മാനേജ്മന്റ് സിസ്റ്റം, വിവിധ വിഭാഗം സ്റ്റാഫുകള്‍ക്ക് സര്‍ട്ടിഫൈഡ് പരിശീലനങ്ങള്‍ എന്നിവയാണ് എന്‍ ഐ സി യു നെറ്റ് വര്‍ക്കിന്റെ മറ്റ് ഘടകങ്ങള്‍.
കോഴിക്കോട് ജില്ലാ ദേശീയ ആരോഗ്യ ദൗത്യത്തിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. നിയോക്രാഡില്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനായി പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലെയും സംവിധാനങ്ങള്‍ ബന്ധിപ്പിക്കാന്‍ പ്രത്യേകം വെബ്‌സൈറ്റ് നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍(ചകഇ) മുഖേന തയ്യാറാക്കിയിട്ടുണ്ട്. വെബ്‌സൈറ്റിന്റെ ട്രയല്‍ റണ്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ജൂലൈ 11ന് വൈകീട്ട് 3 മണിക്ക് ജില്ലയിലെ എല്ലാ പ്രസവം നടക്കുന്ന സര്‍ക്കാര്‍ /സ്വകാര്യ ആശുപത്രികള്‍ക്കും പദ്ധതി പരിചയപെടുത്തും.
നിയോക്രാഡില്‍ പദ്ധതി ആരംഭിക്കുന്നതോടെ ജില്ലയിലെ എല്ലാ പ്രസവം നടക്കുന്ന ആശുപത്രികളുടേയും നിലവാരം ഒരു പടികൂടി മുന്നോട്ട് പോകും.