നഴ്‌സറി ഗാനങ്ങളും സിനിമാ ഗാനങ്ങളും മന:പാഠം; മുളിയങ്ങല്‍ സ്വദേശിയായ നാലുവയസുകാരിയെ തേടി ഇന്ത്യാ ബുക്ക് ഒഫ് റെക്കോഡ്‌സ്


പേരാമ്പ്ര: ഇംഗ്ലീഷിലെയും മലയാളത്തിലെയും പത്തോളം നഴ്‌സറി ഗാനങ്ങളും പതിനഞ്ചോളം സിനിമാ ഗാനങ്ങളും മന:പാഠമാക്കി ചൊല്ലുകയും പന്ത്രണ്ടോളം ഗാനങ്ങള്‍ക്ക് ചുവട് വയ്ക്കുകയും ചെയ്ത മുളിയങ്ങല്‍ സ്വദേശിയായ നാല് വയസുകാരി മേധ ഇഷാനിയെ തേടിയെത്തിയത് ഇന്ത്യാ ബുക്ക് ഒഫ് റെക്കോഡ്‌സ്.

കഴിഞ്ഞ ഒരു വര്‍ഷമായി ടിവിയിലും യുട്യൂബിലും കാണുന്ന പരിപാടികളില്‍ ഇഷ്ടമായവ പരിശീലകരില്ലാതെ അവതരിപ്പിച്ച് കൈയടി നേടിയ കൊച്ചുമിടുക്കിക്ക് മേധാ ഇഷാനി എന്ന പേരില്‍ യുട്യൂബ് ചാനലുമുണ്ട്.

പേരാമ്പ്ര മുളിയങ്ങല്‍ സ്വദേശിയായ നാടക പ്രവര്‍ത്തകനും കിസാന്‍ ജനത സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വത്സന്‍ എടക്കോടന്റയും അദ്ധ്യാപിക നിതാ ഭരതന്റെയും മകളാണ് മേധ ഇഷാനി.