‘നല്ല പേടിയുണ്ടായിരുന്നു. ഇപ്പോൾ അതു മാറി’; ജില്ലയില്‍ പ്ലസ് വണ്‍ പരീക്ഷയെഴുതിയ കുട്ടികള്‍ക്ക് ആശ്വാസം, 17 കുട്ടികള്‍ക്ക് പരീക്ഷ എഴുതാനായില്ല


കോഴിക്കോട് : ‘നല്ല പേടിയുണ്ടായിരുന്നു. ഇപ്പോൾ അതു മാറി’, പ്ലസ് വൺ പരീക്ഷയെഴുതി പുറത്തിറങ്ങിയ വിദ്യാർഥികൾക്ക് ഒരേ അഭിപ്രായം. ഒരുദിവസംപോലും സ്കൂളിൽ ക്ലാസിലിരിക്കാതെ പ്ലസ് വൺ പരീക്ഷയെഴുതിയ കുട്ടികൾക്ക് ആദ്യദിവസം ആശ്വാസമായി.

സോഷ്യോളജി പരീക്ഷയായിരുന്നു വെള്ളിയാഴ്ച. കോഴിക്കോട്ട് മിക്കയിടത്തും സോഷ്യോളജി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ വിഷയം ഇല്ലാത്ത സ്കൂളുകളിൽ പരീക്ഷ ഉണ്ടായതുമില്ല. ഫോക്കസ് ഏരിയയിൽനിന്നു തന്നെയായിരുന്നു മുഴുവൻ മാർക്കിനുള്ള ചോദ്യങ്ങൾ. ആവശ്യത്തിന് സമയം കിട്ടിയില്ലെന്ന പരിഭവം ചില കുട്ടികൾക്കുണ്ട്. എങ്കിലും, എളുപ്പമായതിന്റെ സന്തോഷം അവരും പങ്കുവെച്ചു.

കഴിഞ്ഞവർഷം പ്രവേശനം നേടിയ കുട്ടികൾ യൂണിഫോമണിഞ്ഞ് ആദ്യമായി സ്കൂളിലെത്തിയത് പരീക്ഷയെഴുതാനാണ്. ഓൺലൈനിൽ മാത്രമാണ് പാഠഭാഗങ്ങൾ പരിചയിച്ചിരുന്നത്. ആന്ത്രപ്പോളജി, ഇലക്‌ട്രോണിക് സിസ്റ്റംസ് എന്നീ വിഷയങ്ങളിലും വെള്ളിയാഴ്ചയായിരുന്നു പരീക്ഷ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജാഗ്രതയോടെയായിരുന്നു പരീക്ഷ. ജില്ലയിൽ വിവിധ സ്കൂളുകളിലായി 17 വിദ്യാർഥികൾക്ക് കോവിഡ് ബാധിച്ചതിനാൽ പരീക്ഷ എഴുതാനായില്ല.