നരിനടയില്‍ കൃഷി ഭൂമിയുടെ സംരക്ഷിത വേലി നശിപ്പിച്ചു; കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് വി.ഫാം കര്‍ഷക സംഘടന


പേരാമ്പ്ര: ചക്കിട്ടപ്പാറ പഞ്ചായത്തില്‍ കൃഷി ഭൂമിയുടെ സംരക്ഷിത വേലി സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചതായി പരാതി. നരിനടയില്‍ താമസിക്കുന്ന ബാബു പുതുപ്പറമ്പില്‍ എന്ന കര്‍ഷകന്റെ കൃഷി ഭൂമിയുടെ സംരക്ഷിത വേലിയാണ് ഇരുട്ടിന്റെ മറവില്‍ സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചത്. ഇതിന് മുമ്പും ബാബുവിന്റെ കൃഷിഭൂമിയിലെ സംരക്ഷിത വേലി നശിപ്പിക്കപ്പെട്ടിരുന്നു.

ഇതിനെ തുടര്‍ന്ന് പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം നടത്തി വരവെയാണ് വീണ്ടും സംരക്ഷിതവേലി നശിപ്പിക്കപ്പെട്ടത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ച് ഇനി സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ പോലീസ് സ്വീകരിക്കണമെന്ന് വി.ഫാം കര്‍ഷക സംഘടന ആവശ്യപ്പെട്ടു.

മേഖലയില്‍ കാട്ടു പന്നി ശല്യത്താല്‍ കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്. വന്യ മൃഗ ശല്യത്തില്‍ നിന്ന് കൃഷി സംരക്ഷിക്കാനാണ് കൃഷി ഭൂമിയുടെ സംരക്ഷിത വേലി കെട്ടിയത്. ഈ സാഹചര്യത്തില്‍ സംരക്ഷിത വേലി നശിപ്പിക്കപ്പെടുന്നത് കര്‍ഷകരെ ഏറെ പ്രതിസന്ധിയിലാക്കുന്നുണ്ട്.