നരക്കോട്-കുരുടിമുക്ക് റോഡിലെ നെല്‍പ്പാടത്ത് കക്കൂസ് മാലിന്യം തള്ളിയതിനെതിരെ പ്രതിഷേധവുമായി അയല്‍സഭ


മേപ്പയൂര്‍: പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ നരക്കോട് നാഗത്തിങ്കല്‍ അയല്‍സഭ പ്രദേശത്ത് കക്കൂസ് മാലിന്യം തള്ളിയതില്‍ അയല്‍സഭ ശക്തമായി പ്രതിഷേധിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇവിടെ ലോറിയില്‍ മാലിന്യം തള്ളിയത്. ഇതിനെതിരെ മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സമീപവാസികള്‍ അസഹ്യമായ ദുര്‍ഗന്ധവും ജലമലിനീകരണവും പകര്‍ച്ചവ്യാധി ഭീഷണിയും കാരണം ഭീതിയിലാണ്. നിടുമ്പൊയില്‍ ഭാഗത്തുകൂടി ഒഴുകുന്ന നടേരി തോടിലേയ്ക്കും സമീപത്തെ വയലിലേയ്ക്കും ഒഴുകുന്ന മാലിന്യം കാരണം നെല്‍കൃഷിക്കാര്‍, വയലില്‍ നിന്നും പുല്ല് അരിയുന്ന ക്ഷീരകര്‍ഷകര്‍, തോടിനെ ആശ്രയിച്ച് കുളിക്കുകയും അലക്കുകയും ചെയ്യുന്നവര്‍ തുടങ്ങി നിരവധി ആളുകള്‍ വളരെ ബുദ്ധിമുട്ടുകയാണ്. മാത്രമല്ല കോവിഡ് രോഗം പടര്‍ന്ന് പിടിക്കുന്ന ഇക്കാലത്ത് മഞ്ഞപ്പിത്തം പോലുള്ള പകര്‍ച്ചവ്യാധികളും പിടിപെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

വയലിലും സമീപത്തെ കിണറുകളിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി.
അയല്‍സഭയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സമീപത്തുള്ള സിസിടിവികള്‍ പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മേപ്പയ്യൂര്‍ പോലീസിന്റെ ഭാഗത്ത് നിന്നും ശക്തമായ നടപടി ഉണ്ടാകണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. വാര്‍ഡ് മെമ്പര്‍ കെ.കെ.ലീല അധ്യക്ഷയായിരുന്ന പ്രതിഷേധ പരിപാടിയില്‍ അയല്‍സഭ ചെയര്‍മാന്‍ രാജീവന്‍ ആയടത്തില്‍, അനിത യു.പി, എന്‍.എം.ദാമോദരന്‍, ബാലകൃഷ്ണന്‍ രയരോത്ത്, കെ.കെ.കുഞ്ഞിരാമന്‍, നടുക്കണ്ടി ബഷീര്‍, ഇ.എം. ബിജു എന്നിവര്‍ സംസാരിച്ചു.