നന്മ മരിക്കാത്ത മനുഷ്യർ: പയ്യോളിയിൽ റെയിൽ പാളത്തിൽ വീണയാൾക്ക് രക്ഷകനായി ടാക്സി ഡ്രൈവർ
പയ്യോളി: റെയിൽപാളത്തിൽ തലകറങ്ങി വീണയാൾക്ക് ടാക്സി ഡ്രൈവറുടെ സന്ദർഭോചിത ഇടപെടൽ രക്ഷയായി. പയ്യോളി ടൗണിലെ ചുമട്ടുതൊഴിലാളിയായിരുന്ന മധുരക്കണ്ടി മഹമൂദിനെ(67)യാണ് പയ്യോളിയിലെ ടാക്സി ഡ്രൈവറായ പി ടി രാജീവൻ രക്ഷപ്പെടുത്തിയത്.
ശനിയാഴ്ച രാവിലെ 7.30ഓടെ പയ്യോളി ടൗണിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് തിരിച്ച മഹമൂദ് മേലടി ബ്ലോക്ക് ഓഫീസിന് സമീപത്തെ റെയിൽപാളം മുറിച്ചുകടക്കവെ തലകറങ്ങി പാളത്തിൽ വീഴുകയായിരുന്നു. എഴുന്നേൽക്കാൻ കഴിയാതെ പ്രയാസപ്പെടുന്ന മഹമൂദിനെ ദൂരെനിന്ന് നടന്നു വരികയായിരുന്ന രാജീവൻ കണ്ടു.
ഈ സമയം കണ്ണൂർ ഭാഗത്തേക്ക് ട്രെയിൻ വരുന്നതിന്റെ സിഗ്നൽ തെളിഞ്ഞു. ഓടിയടുത്ത രാജീവൻ പാളത്തിൽ വീണു കിടക്കുകയായിരുന്ന മഹമൂദിനെ ട്രെയിൻ അടുത്തെത്തിയിട്ടും സാഹസികമായിവലിച്ചു പുറത്തിട്ടു.
ജീവൻ പണയപ്പെടുത്തി രാജീവൻ നടത്തിയ സാഹസികമായ രക്ഷാ പ്രവർത്തനത്തെ നാട്ടുകാർ ഒന്നടങ്കം പ്രശംസിച്ചു. മഹമൂദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകി. ലൈറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ (സിഐടിയു) പയ്യോളി സെക്‌ഷൻ കമ്മിറ്റി പ്രസിഡന്റാണ് നാൽപ്പത്തൊമ്പതുകാരനായ മണ്ണഞ്ചാലിൽ പി ടി രാജീവൻ.