‘നട്ടുച്ചയ്ക്ക് പോലും കോടമഞ്ഞിറങ്ങുന്ന കൊല്ലംകാരുടെ ഊട്ടി’; അറിയാം പിനാക്കിള്‍ വ്യൂ പോയിന്റിന്റെ വിശേഷങ്ങള്‍


ഴയുടെ അകമ്പടിയില്‍ കരവാളൂരിലെ പിനാക്കിള്‍ വ്യൂ പോയിന്റിലേക്കുവരൂ, നട്ടുച്ചയാണെങ്കിലും മഞ്ഞില്‍ മുങ്ങിയ പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാം.കരവാളൂര്‍ പഞ്ചായത്തിലെ ചേറ്റുകുഴിയെന്ന ഉള്‍ഗ്രാമത്തിലെ കാഴ്ചവിശേഷമാണിത്. കിഴക്കന്‍മേഖലയിലെ ഏറ്റവുമുയര്‍ന്ന പ്രദേശങ്ങളിലൊന്നായ ഇവിടം കോടമഞ്ഞില്‍ മുങ്ങുന്ന വിസ്മയക്കാഴ്ച. സാധാരണ ശൈത്യകാലത്തെ പ്രഭാതങ്ങളിലാണ് ഇവിടം മഞ്ഞില്‍ മുങ്ങാറുള്ളതെങ്കിലും കാലവര്‍ഷത്തില്‍ മഴയോ മഴക്കാറോ ഉള്ള ദിവസങ്ങളില്‍ ഉച്ചയ്ക്കുപോലും ഇവിടെ കോടമഞ്ഞിറങ്ങുന്നു.

രണ്ടു വര്‍ഷം മുന്‍പ് സമൂഹ മാധ്യമങ്ങളിലൂടെ സഞ്ചാരികളേറ്റെടുത്ത സ്ഥലമാണ് കൊല്ലം പിനാക്കിള്‍ വ്യൂ പോയിന്റ്. കൊല്ലം കാഴ്ചകളില്‍ പ്രധാനപ്പെട്ട പിനാക്കിള്‍ വ്യൂ പോയിന്റിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും അറിയാം.

കൊല്ലംകാരുടെ ഗവി എന്നും പാവങ്ങളുടെ മൂന്നാര്‍ എന്നുമൊക്കെയാണ് സഞ്ചാരികള്‍ പിനാക്കിള്‍ വ്യൂ പോയിന്റിനെ സ്‌നേഹപൂര്‍വ്വം വിശേഷിപ്പിക്കുന്നത്. ഇവിടെ എത്തി ആ സൂര്യോദയവും പ്രകൃതി ഭംഗിയും സമയമുണ്ടെങ്കില്‍ സൂര്യാസ്മയവും ഒക്കെ കണ്ടാല്‍ ഈ വിശേഷണങ്ങളില്‍ അതിശയോക്തി ഒട്ടുതന്നെയില്ല എന്ന് ഉറപ്പിച്ചു പറയാം. മഞ്ഞു വീഴ്ചയും കുത്തിക്കയറുന്ന തണുപ്പും ആസ്വദിച്ച് സൂര്യനുദിച്ചു വരുന്ന കാഴ്ചയാണ് ഇവിടെ ആസ്വദിക്കുവാനുള്ളത്.

മലയോര ഹൈവേയിലെ വലിയകുരുവിക്കോണം-വെഞ്ചേമ്പ്-തടിക്കാട് റോഡില്‍ ചേറ്റുകുഴിക്കും ഒരുനടയ്ക്കും മധ്യേ, ഏക്കര്‍കണക്കായി പരന്നുകിടക്കുന്ന റബ്ബര്‍ എസ്റ്റേറ്റിന് മധ്യത്തായാണ് പ്രകൃതിയുടെ ഈ അതിശയിപ്പിക്കുന്ന കാഴ്ച. പുതിയ തൈകള്‍ വെച്ചുപിടിപ്പിക്കാനായി ഇവിടത്തെ റബ്ബര്‍ മരങ്ങള്‍ മുറിച്ചതോടെയാണ് ഈ കാഴ്ച അനാവൃതമായത്. കണ്ണെത്താദൂരം പരന്നുകിടക്കുന്ന സഹ്യപര്‍വതനിരകളുടെ കാഴ്ച കണ്ണിനുകുളിരുപകരും.

സാധാരണ സ്ഥലപ്പേരുകളില്‍ നിന്നും വ്യത്യസ്തമായി ഈ പ്രദേശത്തിന് പിനാക്കിള്‍ വ്യൂ പോയിന്റെ എന്ന പേരു വന്നതിനു പിന്നില്‍ ഒരു കഥയുണ്ട്. ഇവിടെ സമീപത്ത് സ്ഥിതി ചെയ്യുന്ന പിനാക്കിള്‍ എന്‍ജിനീയറിങ് കോളേഡിന്റെ പേരില്‍ നിന്നുമാണ് വ്യൂ പോയിന്റ് പിനാക്കിള്‍ വ്യൂ പോയിന്റ് ആയി മാറുന്നത്. കാഴ്ചകാണാന്‍ എത്തിയവര്‍തന്നെ സ്ഥലത്തിന് ഈ പേര് ചാര്‍ത്തിനല്‍കുകയായിരുന്നു. പ്രദേശത്തിന്റെ സൗന്ദര്യവും മനോഹാരിതയും കണക്കിലെടുത്ത് സഞ്ചാരികള്‍ പിനാക്കിള്‍ വ്യൂ പോയിന്റിനെ പാവങ്ങളുടെ മൂന്നാര്‍ എന്നും വിളിക്കുന്നു.

ഒരു കാലത്ത് റബര്‍ പ്ലാന്റേഷനായിരുന്നു. പിന്നീട് റബര്‍ മുറിച്ചതോടു കൂടിയാണ് ഈ പ്രദേശത്തിന്റെ ഭംഗി തിരിച്ചറിയപ്പെടുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 1500 അടിയിലധികം ഉയര്‍ന്നു കിടക്കുന്ന ഇവിടെ കനത്ത കോടമഞ്ഞ് ആണ് അനുഭവപ്പെടാറുള്ളത്. ഡിസംബര്‍ മാസം ഇവിടെ കനത്ത തണുപ്പും മഞ്ഞും വരുന്നതിനാല്‍ ആ സമയത്താണ് കൂടുതലും സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നത്. റോഡിനു താഴേക്കുള്ള ഭാഗമാണ് മഞ്ഞുമൂടി കിടക്കുന്നത്. മഞ്ഞു മൂടിക്കിടക്കുന്ന കുന്നുകള്‍ മാത്രമല്ല, ആനക്കുളം കുടുക്കത്ത് പാറയും ഒറ്റക്കല്‍ പാണ്ഡവന്‍പാറയും വിളക്കുപ്പാറയിലെ പാങ്ങും പാറയും എല്ലാം ഇവിടെ നിന്നും കാണുവാന്‍ കഴിയും. ഫോട്ടോ എടുക്കുവാനും വീഡിയോ ഷൂട്ടുകള്‍ക്കായും ഈ പ്രദേശം അറിയപ്പെടുന്നു.

 

എത്തിച്ചേരുവാന്‍

അഞ്ചല്‍, കരവാളൂര്‍, ഇടമുളയ്ക്കല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വലിയകുരുവിക്കോണം വെഞ്ചേമ്പ് തടിക്കാട് റോഡില്‍ ചേറ്റുകുഴിക്കും ഒരുനടയ്ക്കും ഇടയിലായാണ് പിനാക്കിള്‍ വ്യൂ പോയിന്റ് സ്ഥിതി ചെയ്യുന്നത്. അഞ്ചലില്‍ നിന്ന് കുരുവിക്കോണം വഴിയും പുനലൂരില്‍ നിന്ന് മാത്ര വഴിയും കൊട്ടാരക്കരയില്‍ നിന്ന് വാളകം വഴി തടിക്കാട് വായനശാല ജംഗ്ഷന്‍ വഴിയും ഇവിടേക്ക് എത്താം. രോഹിണി എസ്റ്റേറ്റിനു സമീപമാണ് പിനാക്കിള്‍ വ്യൂ പോയിന്റ് സ്ഥിതി ചെയ്യുന്നത്.