നടുവണ്ണൂര്‍ സ്വദേശി അശ്വന്തിന്റെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍; കുട്ടിയുടെ അച്ഛന് പോലീസില്‍ പരാതി നല്കി
നടുവണ്ണൂര്‍: കണ്ണൂര്‍ ഗവ.പോളിടെക്നിക് കോളേജില്‍ ആത്മഹത്യ ചെയ്ത നടുവണ്ണൂര്‍ സ്വദേശി അശ്വന്തിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അശ്വന്തിന്റെ അച്ഛന് കണ്ണൂര്‍ എടക്കാട് പോലീസില്‍ പരാതി നല്കി.
കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ പോലീസ് വിശദമായ അന്വേഷണം നടത്തും. ഒപ്പംതന്നെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംഭവങ്ങളുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരങ്ങള്‍ വന്നതിനു ശേഷം ആയിരിക്കുംകൂടുതല് അന്വേഷണത്തിലേക്ക് എടക്കാട് പോലീസ് കടക്കുക എന്നാണ് ലഭിക്കുന്ന വിവരം.
നരയംകുളം തണ്ടപ്പുറത്തെ തച്ചറോത്ത് ശശിയുടെ മകന് അശ്വന്തിനെയാണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലിന്റെ കുളിമുറിക്ക് സമീപമുള്ള ആളൊഴിഞ്ഞ മുറിയിലാണ് അശ്വന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ അശ്വന്ത് ക്ലാസില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് സഹപാഠികള്‍ അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂര്‍ ഗവ.പോളിടെക്നിക് കോളേജിലെ അവസാന വര്‍ഷ ഇലക്ട്രോണിക് ബിരുദ വിദ്യാര്‍ഥിയാണ് അശ്വന്ത്.