നടുവണ്ണൂര്‍ ടൗണില്‍ വെള്ളക്കെട്ട്; ജനങ്ങള്‍ ദുരിതത്തില്‍


നടുവണ്ണൂര്‍: അങ്ങാടിയിലെ പൊളിച്ചുമാറ്റിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് എതിര്‍വശം മത്സ്യമാര്‍ക്കറ്റിലേക്കുള്ള റോഡ് തുടങ്ങുന്ന സ്ഥലത്ത് മഴക്കാലത്തുള്ള ചെളിവെള്ളക്കെട്ട് അങ്ങാടിയിലെത്തുന്നവരെ ദുരിതത്തിലാക്കുന്നു. ഡോ. ശങ്കരന്‍ നമ്പൂതിരിയുടെ ക്ലിനിക്കിനു മുന്നിലും ചെളിവെള്ളം കെട്ടികിടക്കുന്നതിനാല്‍ ക്ലിനിക്കിലെത്തുന്ന രോഗികളും ഏറെ പ്രയാസത്തിലാണ്. പ്രായമായ രോഗികളെ പരിശോധിക്കുന്ന കേന്ദ്രവും ഈ കെട്ടിടത്തില്‍ തന്നേയാണുള്ളത്.

ഓവുചാലില്‍ ഒഴുക്കു തടസ്സപ്പെട്ടതാണ് വെള്ളക്കെട്ടിന് കാരണം. മാര്‍ക്കറ്റ് റോഡുമുതല്‍ പഴയ ഹോമിയോ ആശുപത്രിയുണ്ടായിരുന്ന സ്ഥലം വരെ 30 മീറ്ററോളം ഓവുചാല്‍ പണിയുകയും റോഡിന്റെ പടിഞ്ഞാറ് വശം കോണ്‍ക്രീറ്റ് ഇടുകയും ചെയ്താല്‍ പ്രശ്‌നപരിഹാരമാകും.

പൊതു പ്രവര്‍ത്തകനായ ഒ.എം. കൃഷ്ണകുമാര്‍ ഇതുസംബന്ധിച്ച നിവേദനം പൊതുമരാമത്ത് നിരത്തുവിഭാഗം പേരാമ്പ്ര സെക്ഷന്‍ അസി. എന്‍ജിനിയര്‍ക്ക് നല്‍കിയിട്ടുണ്ട്. സ്റ്റേറ്റ് ലെവല്‍ ടാസ്‌ക് ഫണ്ടുപയോഗിച്ച് പ്രവൃത്തി നടത്തി പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് എ. ഇ. യൂസഫ് പറഞ്ഞു.