നടന്‍ റിസബാവ അന്തരിച്ചു


കൊച്ചി: നടന്‍ റിസബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 55 വയസായിരുന്നു.

സ്‌ട്രോക്കിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനാല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വൃക്കസംബന്ധമായ അസുഖങ്ങള്‍ അദ്ദേഹത്തെ ഏറെ നാളായി അലട്ടിയിരുന്നു.

തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ സ്കൂളിലായിരുന്നു റിസബാവയുടെ വിദ്യാഭ്യാസം. നാടക വേദികളിലൂടെയാണ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. 1984-ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് റിസബാവ സിനിമാ അഭിനയത്തിനു തുടക്കം കുറിച്ചതെങ്കിലും ഈ ചിത്രം റിലീസ് ആയില്ല. ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോക്ടര്‍ പശുപതിയാണ് താരത്തിന്റെ ആദ്യ സിനിമ. സിദ്ധിഖ്-ലാല്‍ സംവിധാനം ചെയ്ത ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായി എന്ന കഥാപാത്രത്തിലൂടെയാണ് റിസബാവ ഏറെ ശ്രദ്ധിക്കപ്പെട്ടത്. നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധനേടിയത്. അടുത്തിടെയായി സീരിയലുകളിലും ഏറെ തിളങ്ങി.

ഡബ്ബിംഗ് മേഖലയിലും റിസബാവ കഴിവുതെളിയിച്ചു. ബ്ലസി സംവിധാനം ചെയ്ത ‘പ്രണയം’ത്തില്‍ അനുപം ഖേറിന് ശബ്ദം നല്‍കിയ റിസബാവയായിരുന്നു. 2010 ൽ കർമയോഗി സിനിമയിലെ ഡബ്ബിങ്ങിന് മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട് .