ധര്‍മ്മടത്തെ സി.പി.എം ആര്‍.എസ്.എസ് സംഘര്‍ഷം; തുടക്കം സി.പി.എം പ്രവര്‍ത്തകനെ വീട്ടില്‍ കയറി ആക്രമിച്ചത്


തലശ്ശേരി: ധര്‍മ്മടം മേലൂരില്‍ സി.പി.എം ആര്‍.എസ്.എസ് സംഘര്‍ഷം തുടങ്ങിയത് സി.പി.എം പ്രവര്‍ത്തകനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചതോടെയെന്ന് പൊലീസ്. തുടര്‍ന്നാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ധനരാജ് ആക്രമിക്കപ്പെട്ടതെന്നും ധര്‍മ്മടം പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല. പരിക്കേറ്റ ഇരുവരും ആശുപത്രിയിലാണെന്നും പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. സി.പി.എം നിയന്ത്രണത്തിലുള്ള ചെഗുവേര ക്ലബ്ബിനടുത്ത് ബഹളംവെച്ച് എത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സമീപത്തെ സി.പി.എം പ്രവര്‍ത്തകരായ സഹോദരങ്ങള്‍ താമസിക്കുന്ന വീട്ടില്‍ ആയുധവുമായെത്തി ബഹളംവയ്ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് സി.പി.എം പ്രവര്‍ത്തകന്‍ മനീഷിന്റെ കൈവിരലില്‍ വെട്ടേറ്റത്. ഇയാളെ ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതിനു പിന്നാലെയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ധനരാജിന് വെട്ടേറ്റത്. ധനരാജിനെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഘര്‍ഷം ഒഴിവാക്കാന്‍ സ്ഥലത്ത് ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.