ദേശീയപാതാ വികസനം: വീടും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും നല്‍കി മാത്രമേ കുടിയൊഴിപ്പിക്കാന്‍ പാടുള്ളൂവെന്ന് ഹൈക്കോടതി


കോഴിക്കോട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ജില്ലയില്‍ വീടും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും നല്‍കി മാത്രമേ കുടിയൊഴിപ്പിക്കാന്‍ പാടുള്ളൂവെന്ന് ഹൈക്കോടതി വിധിച്ചു. ദേശീയപാതാ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ കുടിയൊഴിപ്പിക്കുന്നവര്‍ നല്‍കിയ റിട്ട് ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി.

കോഴിക്കോട് ജില്ലയില്‍ മാത്രം നഷ്ടപരിഹാരം നല്‍കിയില്ല എന്ന പരാതിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിധി പറഞ്ഞത്.

അഴിയൂര്‍ വെങ്ങളം ദേശീയ പാത ആറു വരിയാക്കുന്നതിന്റെ ഭാഗമായി 1200 ലധികം വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളുമാണ് കുടിയൊഴിപ്പിക്കപ്പെടുന്നത്. വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാര പാക്കേജ് നടപ്പാക്കാതെയാണ് ഒഴിപ്പിക്കപ്പെടുന്നത്. നഷ്ടപരിഹാരം തിട്ടപ്പെടുത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച സ്വകാര്യ കണ്‍സള്‍ട്ടന്‍സിയുടെ അളവുകളില്‍ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയുള്ള പരാതികള്‍ക്ക് പരിഹാരം ഉണ്ടായിട്ടില്ല. വ്യാപാരികള്‍ക്ക് നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപയും തൊഴിലാളികള്‍ക്ക് 6000 രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.