ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു; മലയാള സിനിമയ്ക്ക് 11 പുരസ്‌കാരങ്ങള്‍: മരക്കാറിനുവേണ്ടി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി പ്രിയദര്‍ശനും ആന്റണി പെരുമ്പാവൂരും


ന്യൂഡല്‍ഹി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ ആണ് മികച്ച ചിത്രം. കങ്കണ റണൗത്ത് ആണ് മികച്ച നടി. മികച്ച നടനുള്ള പുരസ്‌കാരം ധനുഷിനും മനോജ് ബാജ്‌പെയും പങ്കിട്ടു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.

മണികര്‍ണിക: ക്വീന്‍ ഓഫ് ഝാന്‍സി, പംഗ സിനിമകളിലെ അഭിനയത്തിലാണ് കങ്കണയ്ക്ക് പുരസ്‌കാരം ലഭിച്ചത്. കങ്കണയുടെ നാലാമത്തെ ദേശീയ പുരസ്‌കാരമാണിത്. ഭോണ്‍സ്ലെയിലെ അഭിനയത്തിനാണ് മനോജ് ബാജ്‌പേയി പുരസ്‌കാരം നേടിയത്. അസുരനിലൂടെ ധനുഷും പുരസ്‌കാരത്തിന് അര്‍ഹനായി.

മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലന്‍ സിനിമയുടെ സംവിധായകന്‍ മാത്തുക്കുട്ടി സേവ്യറും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായരും ഏറ്റുവാങ്ങി. സ്‌പെഷല്‍ ഇഫക്റ്റ്‌സിനുള്ള പുരസ്്കാരം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെ സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ ഏറ്റുവാങ്ങി. ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹെബ് ഫാല്‍കെ അവാര്‍ഡ് രജനീകാന്ത് ഏറ്റുവാങ്ങി.

മികച്ച ചിത്രം കൂടാതെ മറ്റു രണ്ട് പുരസ്‌കാരങ്ങളും ‘മരക്കാറി’ന് ഉണ്ട്. മികച്ച വസ്ത്രാലങ്കാരത്തിനും സ്‌പെഷല്‍ എഫക്റ്റ്‌സിനുമുള്ള പുരസ്‌കാരങ്ങളാണ് അവ. ഗീരീഷ് ഗംഗാധരനാണ് മികച്ച ഛായാഗ്രാഹകന്‍ (ചിത്രം ജല്ലിക്കട്ട്). മികച്ച ഗാനരചനയ്ക്കുള്ള പുരസ്‌കാരം പ്രഭാ വര്‍മ്മയ്ക്കാണ് (ചിത്രം കോളാമ്പി). ‘തമിഴ് ചിത്രം ഒത്ത സെരുപ്പ് സൈസ് 7’ലൂടെ മികച്ച റീ-റെക്കോര്‍ഡിസ്റ്റിനുള്ള പുരസ്‌കാരം റസൂല്‍ പൂക്കുട്ടിക്ക് ലഭിച്ചു. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ‘കള്ളനോട്ട’മാണ് മികച്ച മലയാള ചിത്രം. മലയാള ചിത്രം ‘ബിരിയാണി’യുടെ സംവിധാനത്തിന് സജിന്‍ ബാബു പ്രത്യേക പരാമര്‍ശത്തിനു അര്‍ഹനായി.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.