ദൃശ്യ മുതൽ കൃഷ്ണപ്രിയ വരെ!! 2021 സാക്ഷ്യം വഹിച്ച അരുംകൊലകൾ തുടർകഥയാവരുതേ


രു ജീവിതമായിരുന്നില്ലേ, പ്രതീക്ഷകളായിരുന്നില്ലേ, ഒരു കുടുംബത്തിന്റെ മുഴുവൻ താങ്ങായിരുന്നില്ലേ? പ്രതികാര ദാഹത്തിൽ നീ കൊന്നൊടുക്കിയതിന്റെ വില അറിയാഞ്ഞിട്ടോ? അതോ നൈമിഷികമായ ലഭിക്കുന്ന സുഖമോ?

കഴിഞ്ഞ ഒരു വർഷം കേരളത്തെ ഞെട്ടി വിറപ്പിച്ച കൊലപാതകങ്ങളുടെ ഒരു നീണ്ട നീര തന്നെയായിരുന്നു. എന്തിനായിരുന്നു എന്ന് പോലും ഉത്തരം കിട്ടാത്ത ചില കൊലപാതകങ്ങളും, അപ്പോഴത്തെ വാശിയിൽ കൊന്നത് തുടങ്ങി മനുഷ്യ രാശിയുടെ ചിന്താശകക്തിക്കുമപ്പുറമുള്ള കാര്യങ്ങൾ…..

ഒരു നിമിഷത്തെ പകയും പ്രതികാരവും ജീവനെടുക്കുന്നതിൽ എത്തി നിൽക്കുമ്പോൾ വികാരങ്ങളുടെയും മനുഷ്യരുടെയും വില തിരിച്ചറിയാത്ത ഒരു ലോകത്തേക്ക് നീങ്ങി കഴിഞ്ഞിരിക്കുന്നു നാം.

ഒരു കുടുംബത്തിന്റെ പ്രതീക്ഷകളൊന്നായി ചുമലിലേറ്റ് കൊണ്ടാണ് കൃഷ്ണപ്രിയ പഞ്ചായത്തിലെ താത്ക്കാലിക ജോലിക്ക് പോയി തുടങ്ങിയത്. എന്നാൽ അവിടെയും കരി നിഴലായി നന്ദു പ്രത്യക്ഷപെട്ടു തുടങ്ങി. ഡിസംബർ 17 ന് രാവിലെ 9.50ന് തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു സംഭവം.

കൃഷ്ണപ്രിയ പഞ്ചായത്ത് ഓഫീസിലേക്ക് ജോലിക്ക് കയറാനൊരുങ്ങുമ്പോഴാണ് നന്ദു തട‍ഞ്ഞു നിര്‍ത്തി കുത്തിപരുക്കേല്പിച്ച് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. കൃഷ്ണപ്രിയയുമായി പരിചയത്തിലായിരുന്ന നന്ദു പതിയെ പതിയെ അവളുടെ വ്യക്തി ജീവിതത്തിൽ നിയന്ത്രിക്കാൻ തുടങ്ങി. മുടി അഴിച്ചിടാൻ പാടില്ല, എങ്ങനെ ഷോൾ ഇടണം തുടങ്ങി എല്ലാത്തിലും അവന്റെ വാക്കുകൾക്ക് മാത്രം പ്രാധാന്യം കല്പിക്കണമെന്ന നിലയിലായി.പെണ്‍കുട്ടിയുടെ ഫോണും ഇയാള്‍ കൈവശപ്പെടുത്തി. വീട്ടിൽ കയറി പെൺകുട്ടിയേയും അച്ഛനെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ മാനഹാനി ഭയന്നാണ് പോലീസിൽ പരാതി നൽകാഞ്ഞതെന്ന് നാട്ടുകാര്‍ പറ‌ഞ്ഞു.

 

പ്ലസ്ടുവില്‍ ഒരേ സ്‌കൂളില്‍ പഠിച്ചിരുന്ന വിനീഷിന്റെ പ്രണയാഭ്യർത്ഥന നിരസിച്ചതിനാണ് ഏലംകുളം സ്വദേശി ദൃശ്യയുടെ ജീവൻ പൊലിഞ്ഞത്. ശല്യം സഹിക്ക വയ്യാതെ ആയതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇരുവീട്ടുകാരെയും വിളിപ്പിച്ച് യുവാവിനെ താക്കീത് നല്‍കി വിട്ടയച്ചു. ഇത് വിനിഷിൽ പ്രതികാരം വർദ്ധിപ്പിച്ചു. പിതാവിന്റെ പെൺകുട്ടിയുടെ പെരിന്തൽമണ്ണയിലെ കടയിൽ തീയിട്ട ശേഷം വീടിനു സമീപത്ത് ഒളിച്ചിരുന്ന പ്രതി രാവിലെ ദൃശ്യയുടെ വീട്ടിൽ കയറി കുത്തുകയായിരുന്നു.

തല മുതല്‍ പാദം വരെയും കുത്തി തലയിലെ ആഴത്തിലുള്ള നാലു മുറിവുകളും വയറിലേയും ജനനേന്ദ്രിയത്തിലേയും ആന്തരികാവയവങ്ങള്‍ തകർത്തതായിരുന്നു പ്രണയാഭ്യർത്ഥന നിരസിച്ചതിന് സൂര്യ നേരിടേണ്ടി വന്നത്. ഓഗസ്റ്റ് 30-നാണ് തിരുവനന്തപുരം നെടുമങ്ങാട്ടെ വീട്ടില്‍വെച്ച്‌ സൂര്യഗായത്രിയെ അരുണ്‍ കുത്തിക്കൊന്നത്. ലോട്ടറി കച്ചവടം ചെയ്ത് ഉപജീവനം നടത്തിയിരുന്ന സൂര്യയായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം.

ഫുഡ് ടെക്നോളജി വിദ്യാര്‍ഥിനിയായ നിധിനയെ സഹപാഠി അഭിഷേകിന്റെ കൊലക്കത്തി തേടിയെത്തിയത് പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്കായി 2021 ഒക്ടോബര്‍ ഒന്നാം തീയതി എത്തുമ്പോഴാണ്. പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച്‌ നിഥിനയെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

കണ്ണൂർ സ്വദേശിയായ മാനസ കൊല്ലപ്പെട്ടത് കോതമംഗലം ദന്തല്‍ കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ്. സൗഹൃദം നിരസിച്ചതിന്റെ പേരിലായിരുന്നു രഖില്‍ മാനസയെ കൊലപ്പെടുത്തിയത്. അതിനു ശേഷം രഖിലും ആത്മഹത്യാ ചെയ്തു. മാനസ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലെത്തി കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച്‌ വെടിവെച്ച്‌ കൊല്ലുകയായിരുന്നു.

ഇത്തരത്തിൽ നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച രണ്ടായിരത്തി ഇരുപത്തൊന്നു അനേകം ജീവിതങ്ങളിൽ കരി നിഴൽ പടർത്തി. ഓരോ കൊലപാതകത്തോടൊപ്പവും അവരെ ആശ്രയിച്ച അനേക ജീവനുകളുടെ ജീവിതവുമാണ് നഷ്ടമായത്.

അരുതേ! ഇതാവർത്തിക്കരുതേ! പ്രതികാര കൊലപാതകങ്ങൾക്ക് ഈ വർഷം സാക്ഷി ആവാതിരിക്കട്ടെ.