ദുരിതമനുഭവിക്കുന്ന തീരദേശവാസികൾക്ക് അടിയന്തിര സഹായങ്ങൾ എത്തിക്കണം; മത്സ്യത്തൊഴിലാളി യൂണിയൻ


കൊയിലാണ്ടി: കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളിലുണ്ടായ കാറ്റിലും മഴയിലും കടൽ ക്ഷോഭത്തിലും തീരവാസികൾക്ക് ഉണ്ടായ നാശനഷ്ടങ്ങൾക്ക് അടിയന്തിര നഷ്ട്ട പരിഹാരം നൽകണമെന്ന് മൽസ്യ തൊഴിലാളി യൂനിയൻ ആവശ്യപ്പെട്ടു. മുൻ എം.എൽ.എയും മത്സ്യ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡണ്ടുമായ കെ.ദാസന്റെ നേതൃത്വത്തിൽ സംഘടനാ ഭാരവാഹികൾ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.

മത്സ്യ തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷിതത്വവും നാശനഷ്ടത്തിന് ആവശ്യമായ സഹായവും സർക്കാർ അടിയന്തിരമായി ചെയ്ത് നൽകണമെന്ന് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി വി.കെ.മോഹൻദാസ്, ഏരിയാ സെക്രട്ടറി സി.എം.സുനിലേശൻ, സി.പി.എം ലോക്കൽ സെക്രട്ടറി പി.സി.സതീഷ് ചന്ദ്രൻ, ടി.വി.ചന്ദ്രഹാസൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

കോരപ്പുഴ, അഴീക്കൽ, കണ്ണൻകടവ്, കപ്പകടവ്, മുനമ്പത്ത്, കാപ്പാട്, തൂവ്വപ്പാറ, കവലാട്, ഏഴു കുടിക്കൽ, മൂന്നു കുടിക്കൽ, മാടാക്കര, വളപ്പിൽ, വലിയ മങ്ങാട് എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തി.