ദുരിതങ്ങളില്‍ മിണ്ടാപ്രാണികളെ നെഞ്ചോട് ചേര്‍ത്ത് കൂത്താളിയിലെ ഒരു കൂട്ടം യുവാക്കള്‍


പേരാമ്പ്ര: കൊവിഡ് കാരണം ദുരിതമനുഭവിക്കുന്നത് മനുഷ്യര്‍ മാത്രമല്ല, മിണ്ടാപ്രാണികളും കൂടിയാണ്. വീട്ടിലുള്ളവര്‍ കൊവിഡ് ബാധിച്ച് ക്വാറന്റയിനിലായതോടെ പട്ടിണിയിലായ പശുക്കള്‍ക്ക് തീറ്റ എത്തിച്ചു നല്‍കി മിണ്ടാപ്രാണികളെ നെഞ്ചോട് ചേര്‍ത്തുപിടിക്കുകയാണ് കൂത്താളിയിലെ ഒരുകൂട്ടം യുവാക്കള്‍. കൂത്താളി പഞ്ചായത്തിലെ യൂത്ത് കെയര്‍ വളണ്ടിയര്‍മാരും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുമാണ് രണ്ടാം വാര്‍ഡ് പുല്യോട്ട്മുക്ക് ഭാഗത്ത് കോവിഡ് പോസിറ്റീവായവരുടെ വീടുകളിലെ പശുക്കള്‍ക്ക് പുല്ല് എത്തിച്ചു നല്‍കിയത്.

ഇതിലൊന്നും അവസാനിക്കുന്നില്ല ഇവരുടെ പ്രവര്‍ത്തനങ്ങള്‍. കോവിഡ് പോസിറ്റീവായ ആളുകളുടെ വീടുകളില്‍ അണുനശീകരണവും ഇവര്‍ നടത്തുന്നുണ്ട്. കൂടാതെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ഭക്ഷണക്കിറ്റും ഇവര്‍ എത്തിച്ച് നല്‍കുന്നുണ്ട്. ഷിജു പുല്യോട്ട്, ദീലീപ് തോട്ടത്തില്‍, വി.എം അശ്വിന്‍ദേവ്, ഇ.പി സിന്ധു, മോളി ഈര്‍പ്പാപൊയില്‍, പി.ടി ശിവദാസന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.