ദുരിതകാലത്ത് ഒരു നാടിന്റെ കൈകോർക്കൽ, തിക്കോടി നമുക്ക് മുന്നിൽ അടയാളപ്പെടുത്തുന്നത് സമാനതകളില്ലാത്ത മാതൃക; കൈയടിക്കാം, അനുകരിക്കാം
തിക്കോടി: ലോക്ഡൗണിന്റെ ദുരിതത്തിൽ താങ്ങായ തിക്കോടിയിലെ ജനകീയ ഹോട്ടലിനെ നെഞ്ചേറ്റുകയാണ് ജനങ്ങൾ. കോവിഡിന്റെ ആദ്യഘട്ടത്തിൽ തിക്കോടി പഞ്ചായത്ത് ജനകീയ പങ്കാളിത്തത്തോടെ നടത്തിയ സാമൂഹ്യ അടുക്കളയുടെ വിജയത്തിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടാണ് പഞ്ചായത്ത് ഇത്തവണ ജനകീയ ഹോട്ടൽ സൗജന്യ ഭക്ഷണ വിതരണത്തിലേക്കു കടക്കുന്നത്.
ആരംഭത്തിൽ ആവശ്യക്കാർ കുറവായിരുന്നുവെങ്കിലും കോവിഡ് വല്ലാതെയങ്ങു പടർന്നു പിടിച്ചപ്പോൾ പൊതിച്ചോറുകളുടെ എണ്ണവും പതിൻ മടങ്ങു വർധിച്ചു വന്നു. മെയ് 8 ന് തുടങ്ങിയ സൗജന്യ ഭക്ഷണ വിതരണത്തിന്റെ ഭാഗമായി ആയിരത്തി അഞ്ഞൂറിൽപരം പൊതിച്ചോറുകൾ പതിനേഴു വാർഡുകളിലേക്കായി എത്തിച്ചു കഴിഞ്ഞു. വിവിധ വാർഡുകളിലെ ആർആർടി മാരെ കൂട്ടി യോജിപ്പിച്ചു കൊണ്ടു വിപുലമായ സന്നാഹമാണ് സൗജന്യ ഭക്ഷണ വിതരണത്തിനായി പഞ്ചായത്തു ഏർപ്പെടുത്തിയത്.
തിക്കോടിയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും നിറഞ്ഞു നിൽക്കുന്ന നജീബ് തിക്കോടിയിൽ തുടങ്ങിയ സഹായ ഹസ്തങ്ങൾക്ക് നല്ല സ്വീകാര്യതയാണ് സമൂഹത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് ലഭിച്ചത്.അരി പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, അരവിനുള്ള തേങ്ങ, പാചകത്തിന് ആവശ്യമായ പാത്രങ്ങൾ, പാചക ഗ്യാസ് ഉൾപ്പെടെ, പൊതിച്ചോറ് തയ്യാറാക്കാനുള്ള പേപ്പറുകൾ പോലും സുമനസ്സുകളും, പൊതു ജനാധിപത്യ പ്രസ്ഥാനങ്ങളും സൗജന്യമായി എത്തിച്ചു കൊടുക്കുന്നുണ്ട്. ജനകീയ ഹോട്ടൽ ആരംഭിക്കാൻ ബിൽഡിങ് വിട്ടു നൽകിയതു തിക്കോടി സ്വദേശി നടുവിലേക്കണ്ടി കുഞ്ഞിരാമനാണ്.
ഭക്ഷണം പാചകം ചെയ്യുന്ന കുടുംബശ്രീ വനിതകളോടൊപ്പം പതിനൊന്നാം വാർഡിലെ ആർആർടി വളണ്ടിയർമാരും തിക്കോടി പഞ്ചായത്തു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ വിശ്വനും പാചകം ചെയ്യാനും വിതരണം ചെയ്യാനും രാപ്പകൽ ഭേദമെന്യേ സജീവമാണ്. ജനകീയ, ഹോട്ടലിലേക്കുള്ള സഹായ സഹകരണങ്ങൾ സൗജന്യ ഭക്ഷണ വിതരണം തുടരുന്നത് വരെ തുടരണമെന്ന് ഉദാരമതികളോട് അഭ്യർത്ഥിക്കുന്നതായി പ്രസിഡണ്ട് ജമീല സമദ് പറഞ്ഞു.