ദുബായ് താമസവിസക്കാര്‍ക്ക് യു.എ.ഇയിലേക്ക് മടങ്ങാൻ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട; ജിഡിആര്‍എഫ്എയുടെ അനുമതി മതി


കോഴിക്കോട്: ദുബായ് താമസവിസക്കാര്‍ക്ക് യു.എ.ഇയിലേക്ക് മടങ്ങാന്‍ ജിഡിആര്‍എഫ്എയുടെ അനുമതി മതിയാകും. ദുബായ് താമസവിസക്കാര്‍ക്ക് യു.എ.ഇയിലേക്ക് തിരിച്ചുവരാന്‍ കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് എമിറേറ്റ്സ് എയര്‍ലൈനും, എയര്‍ഇന്ത്യാ എക്സ്പ്രസ്സും അറിയിച്ചു.

എയര്‍ഇന്ത്യാ എക്സ്പ്രസ്സ് ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യാന്‍ കൊവിഡ് വാക്സിനേഷന്‍ സര്‍ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്ല. ജിഡിആര്‍എഫ്എ അനുമതിയും 48 മണിക്കൂര്‍ മുമ്പെടുത്ത പിസിആര്‍ സര്‍ട്ടിഫിക്കറ്റും, റാപ്പിഡ് പിസിആര്‍ നെഗറ്റീവ് ഫലവുമായി ദുബായ് താമസവിസക്കാര്‍ക്ക് രാജ്യത്തെത്താമെന്ന് എമിറേറ്റ്സ് എയര്‍ലൈനും വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ നിന്ന് കൊവിഷീല്‍ഡ് വാക്സിന്റെ 2 ഡോസും എടുത്തവര്‍ക്ക് ദുബായിലേക്ക് മടങ്ങാമെന്ന് നേരത്തേ ഫ്ളൈ ദുബായ് അറിയിച്ചിരുന്നു. ദുബായ് താമസവിസക്കാര്‍ക്കാണ് ഈ ആനുകൂല്യം. രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം. അതേസമയം വാക്സിന്‍ എടുത്താലും ഇല്ലെങ്കിലും ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് മടങ്ങാമെന്ന് വിസ്താര വിമാന കമ്പനി അറിയിച്ചു. യുഎഇ മടക്കം സംബന്ധിച്ച് രാജ്യം ഏര്‍പ്പെടുത്തിയ മറ്റ് നിബന്ധനകളെല്ലാം തുടരും.