ദുബായില്‍നിന്നെത്തിയ പേരാമ്പ്ര സ്വദേശിയെ തട്ടിക്കൊണ്ടുപോയി; പരാതി നല്‍കിയത് ടാക്‌സി ഡ്രൈവര്‍, പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി


കൊണ്ടോട്ടി: ദുബായില്‍നിന്നെത്തിയ പേരാമ്പ്ര സ്വദേശിയെ തട്ടിക്കൊണ്ടു പോയെന്ന് പരാതി. ടാക്‌സി കാറില്‍ സഞ്ചരിക്കുന്നതിനിടെ തടഞ്ഞുനിര്‍ത്തി മറ്റൊരു കാറില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. കാര്‍ ഡ്രൈവറുടെ പരാതിയില്‍ കരിപ്പൂര്‍ പോലീസ് അന്വേഷണം തുടങ്ങി. ബുധനാഴ്ച രാത്രിയാണ് അമ്പത്തിരണ്ടുകാരനായ പേരാമ്പ്ര സ്വദേശി കരിപ്പൂരിലിറങ്ങിയത്.

പുലരുവോളം വിമാനത്താവളത്തില്‍ കഴിച്ചുകൂട്ടിയ ഇയാള്‍ അഞ്ചുമണിയോടെ കൂനൂള്‍മാട്ടിലേക്കാണ് പ്രീപെയ്ഡ് ടാക്‌സിയില്‍ പോയത്. ഉണ്യാല്‍ പറമ്പിലെത്തിയപ്പോള്‍ രണ്ടുകാറുകളിലായെത്തിയ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരനെ വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നുവെന്ന് ഡ്രൈവര്‍ പോലീസിനോടു പറഞ്ഞു. ലഗേജുമായി തിരിച്ചെത്തിയ ഡ്രൈവര്‍ വിമാനത്താവളത്തിലെ പോലീസ് സഹായകേന്ദ്രത്തില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങി. സ്വര്‍ണക്കടത്തു സംഘമാണെന്ന് സംശയമുണ്ടെന്ന് പൊലീസ്.