ദമാമില്‍ മലയാളിയെ കൊന്ന് മാലിന്യപ്പെട്ടിക്ക് സമീപം ഉപേക്ഷിച്ച സംഭവം: കുറ്റ്യാടി സ്വദേശിയടക്കമുള്ള പ്രതികളുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു



ദമാം: സൗദി അറേബ്യയില്‍ മലയാളിയായ ഷമീര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു. രണ്ട് മലയാളികളടക്കം ആറ് പേരാണ് കേസിലെ പ്രതികള്‍. അല്‍ ഖോബാറില്‍ ഡ്രൈവറായിരുന്ന തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഏറിയാട് സ്വദേശി ചീനികപ്പുറത്ത് നിസാം സാദിഖ് (29), കുറ്റ്യാടി സ്വദേശി ആശാരിത്തൊടിക അജ്മല്‍ എന്നിവരാണ് പ്രതികളായ മലയാളികള്‍. മറ്റുനാലുപേര്‍ സൗദി യുവാക്കളാണ്.

അഞ്ചുവര്‍ഷം മുമ്പ് ചെറിയ പെരുന്നാളിന്റെ തലേദിവസം പുലര്‍ച്ചെയാണ് കൊടുവള്ളി മുക്കിലങ്ങാടി സ്വദേശി ഷമീറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ മാലിന്യപ്പെട്ടിക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. ഇതിനും മൂന്ന് ദിവസം മുമ്പ് കാണാതായ ഇയാളെ ബന്ധുക്കളും പൊലീസും തിരയുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ഷമീറിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇത് കൊലപാതകമാണെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. വൈകാതെ ആറു പ്രതികളെയും പൊലീസ് പിടികൂടി. ഹവാല പണം ഏജന്റായിരുന്ന ഷമീറില്‍ നിന്നും പണം കവരാന്‍ സൗദി യുവാക്കള്‍ ഇയാളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പണം കണ്ടെത്താന്‍ കഴിയാതിരുന്നതോടെ മൂന്നുദിവസം പൂട്ടിയിട്ട് പീഡിപ്പിച്ചു.

സൗദി യുവാക്കളുടെ സംഘത്തിന് ആവശ്യമായ വിവരങ്ങള്‍ കൈമാറിയിരുന്നത് മലയാളികളായ നിസാം, അജ്മല്‍ എന്നിവര്‍ ആയിരുന്നെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പ്രതികള്‍ക്ക് ജുബൈല്‍ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ഇതാണ് ഇപ്പോളള്‍ ദമാമിലെ അപ്പീല്‍ കോടതി ശരിവെച്ചിരിക്കുന്നത്.

ഇനി വധശിക്ഷ ഒഴിവാക്കാനുള്ള ഏക വഴി ദയാഹര്‍ജി മാത്രമാണ്. അതിനുള്ള ഒരുക്കത്തിലാണ് പ്രതി നിസാമിന്റെ കുടുംബം. എന്നാല്‍ പ്രതികള്‍ക്ക് മാപ്പുനല്‍കാന്‍ ഷമീറിന്റെ കുടുംബം ഇതുവരെ തയ്യാറായിട്ടില്ല.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.