ത്യാഗത്തിന്റേയും സഹനത്തിന്റേയും ഓര്‍മ പുതുക്കി ഇന്ന് ബലിപെരുന്നാള്‍: എല്ലാ വായനക്കാര്‍ക്കും പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിന്റെ പെരുന്നാളാശംസകള്‍


കോഴിക്കോട്: ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതി ഇന്ന് ബലി പെരുന്നാൾ. സഹജീവി സ്‌നേഹത്തിന്റെയും ത്യാഗസമർപ്പണത്തിന്റെയും ഓർമകളാണ് ഓരോ ബലിപെരുന്നാളിലും നിറഞ്ഞു കവിയുന്നത്.

പ്രവാചകൻ ഇബ്രാഹിം ആത്മത്യാഗത്തിന്റെ അഗ്‌നിയിൽ ചാലിച്ചെടുത്ത വിശ്വാസത്തിന്റെ ആഘോഷാവിഷ്‌കാരമാണ് ബലി പെരുന്നാൾ. തക്ബീർ ധ്വനികൾ കൊണ്ട് പകലന്തിയോളം ഭക്തിസാന്ദ്രമാവുന്ന അന്തരീക്ഷവും അത്തറിന്റെ പരിമളവുമായി പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞ് പള്ളികളിലും ഈദ്ഗാഹുകളിലുമുള്ള ഒത്തുചേരലുകളും പെരുന്നാളിന്റെ പ്രത്യേകതയാണ്. ആശംസകൾ കൈമാറിയും വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കിയും ഒത്തൊരുമയുടെ പങ്കുവെക്കലുകൾ നടക്കുന്നു.

പെരുന്നാളിനോടനുബന്ധിച്ച് പതിവുള്ള ഈദ് ഗാഹുകളില്ല. ആഘോഷങ്ങളെല്ലാം ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമായിരിക്കും. ദൈവീക പരീക്ഷണങ്ങളെല്ലാം അതിജീവിച്ച പ്രവാചകൻ ഇബ്രാഹിമിന്റെ സന്ദേശം കൊവിഡ് ജാഗ്രതയിൽ വിശ്വാസികളും കൈമുതലാക്കുന്നു. ജീവന്റെ വിലയുള്ള കരുതൽ കൈവിടരുതെന്ന് മതനേതാക്കളും.
എന്നാൽ അതിജീവനത്തിന്റെ പുതിയ പാഠങ്ങളാണ് ഇത്തവണത്തെ ബലിപെരുന്നാൾ പകരുന്നത്. ദശലക്ഷങ്ങൾ പങ്കെടുക്കുന്ന മക്കയിലെ അറഫ സംഗമത്തിൽ ഇത്തവണ കൂടിചേർന്നത് അഭ്യന്തര തീർത്ഥാടകർ മാത്രമാണ്. പുണ്യ കഅബാ പ്രദക്ഷിണം സാമൂഹിക അകലം പാലിച്ചായിരുന്നു.