ത്യാഗ സ്മരണയില്‍ ബലിപെരുന്നാള്‍ ആഘോഷിച്ച് വിശ്വാസികള്‍: വായനക്കാര്‍ക്ക് കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ ബലിപെരുന്നാള്‍ ആശംസകള്‍



കൊയിലാണ്ടി:
ത്യാഗത്തിന്റേയും സഹനത്തിന്റേയും സ്മരണയില്‍ കേരളം ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. പെരുന്നാള്‍ നമസ്‌കാരവും കുടുംബാംഗങ്ങളുടെ ഒത്തുചേരലും മൃഗബലിയുമാണ് ബക്രീദ് ദിനത്തില്‍ വിശ്വാസികളുടെ പ്രധാന കര്‍മ്മം.

രാവിലെ പെരുന്നാള്‍ നമസ്‌കാരം. തുടര്‍ന്ന് സ്‌നേഹാശംകള്‍ കൈമാറി ഊഷ്മ ളമായ വലിയപെരുന്നാള്‍ ആഘോഷത്തിലേക്ക് വിശ്വാസികള്‍ കടക്കും. പുതു വസ്ത്രമണിഞ്ഞുള്ള കുടംബാഗങ്ങളുടെ ഒത്തു ചേരലും മൈലാഞ്ചിയിടലിനും ഒപ്പം വിഭവ സമൃദ്ധമായ ഭക്ഷണവും ബന്ധു വീടുകളിലെ സമാഗമങ്ങളും ഈ ദിവസത്തെ ആഘോഷമാക്കി മാറ്റും.

പ്രവാചകനായ ഇബ്രാഹിം തന്റെ ആദ്യത്തെ മകന്‍ ഇസ്മായീലിനെ ദൈവകല്‍പ്പന പ്രകാരം ബലി നല്‍കാനൊരുങ്ങിയതിന്റെ ഓര്‍മ്മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍. പിന്നീട് മകന് പകരം അല്ലാഹുവിന്റെ തന്നെ കല്‍പ്പന പ്രകാരം മൃഗത്തെ ബലി കഴിക്കുകയാണ് ഇബ്രാഹിം നബി ചെയ്തത്. അതിന്റെ ഓര്‍മ്മയില്‍ മൃഗബലിയാണ് ബലിപെരുന്നാള്‍ ദിനത്തിന്റെ പ്രത്യേകത. സഹനത്തിന്റേയും ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും പുണ്യദിനം കൂടിയാണ് ബലിപെരുന്നാള്‍.

കനത്ത മഴ പലയിടത്തും വെല്ലുവിളിയാണെങ്കിലും പറ്റാവുന്ന ഇടങ്ങളില്‍ ഈദ്ഗാഹുകള്‍ നടത്താനാണ് തീരുമാനം. പെരുന്നാളിനുള്ള ഒരുക്കങ്ങളെല്ലാം മിക്കയിടങ്ങളിലും പൂര്‍ത്തിയായി.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ വിശ്വാസികള്‍ക്ക് ആശംസ നേര്‍ന്നു. മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്‌കാരം ത്യാഗമാണെന്ന് ഓര്‍മിപ്പിക്കുന്ന ദിനമാണ് ബലി പെരുന്നാളെന്നാണ് മുഖ്യമന്ത്രി പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞത്. സ്വന്തം സുഖസന്തോഷങ്ങള്‍ ഉപേക്ഷിച്ച് മറ്റുള്ളവന്റെ നന്മയ്ക്കായി ആാര്‍പ്പണം ചെയ്ത മനുഷ്യരുടെ ത്യാഗമാണ് ലോകത്തെ പ്രകാശമാനമാക്കുന്നതെന്ന സന്ദേശമാണ് ഈ ദിനം പകരുന്നത്. അതുള്‍ക്കൊള്ളാനും പങ്കുവയ്ക്കാനും ആ വിധം ബലി പെരുന്നാള്‍ ആഘോഷം സാര്‍ത്ഥകമാക്കാനും ഏവര്‍ക്കും സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.