‘തോറ്റു പിന്‍ന്മാറില്ല, പന്നികള്‍ കൃഷി നശിപ്പിച്ച അതേ സ്ഥലത്ത് കൂടുതല്‍ ശ്രദ്ധയോടെ ഇനിയും കൃഷി ചെയ്യും’;ചക്കിട്ടപ്പാറയിലെ കുട്ടിക്കര്‍ഷകന്‍ ജോയല്‍ പേരാമ്പ്ര ന്യൂസ് ഡോട്കോമിനോട്


പൊരിവെയിലത്ത് ഒറ്റയ്ക്ക് മണ്ണ് കൂട്ടി നട്ടുവളര്‍ത്തിയ കപ്പ ഒറ്റരാത്രികൊണ്ട് കാട്ടുപന്നികള്‍ നശിപ്പിച്ചപ്പോള്‍ ചക്കിട്ടപ്പാറ നരിമടയിലെ ജോയലെന്ന ഒമ്പതാം ക്ലാസുകാരനെ സംബന്ധിച്ച് അത് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. ‘വിഷമം തോന്നാതെ പിന്നെ! അത്രയ്ക്കും ഞാന്‍ കഷ്ടപ്പെട്ടതല്ലേ’ എന്നാണ് ജോയല്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്.

പക്ഷേ കൃഷിയോടുള്ള തന്റെ ഇഷ്ടം ഒട്ടും കുറഞ്ഞിട്ടില്ലെന്നും പന്നികള്‍ കൃഷി നശിപ്പിച്ച അതേ സ്ഥലത്ത് കൂടുതല്‍ ശ്രദ്ധയോടെയും കരുതലോടെയും അടുത്തതവണയും കൃഷി ചെയ്യുമെന്നാണ് ഈ കുട്ടികൃഷിക്കാരന്‍ പറഞ്ഞത്. ‘പന്നികളെ എങ്ങനെ തുരത്തണമെന്നൊന്നും അറിയില്ല. ഇനി കൃഷി ചെയ്യുന്നതിന് മുമ്പ് ചുറ്റും വേലി കെട്ടും. പിന്നെ പന്നി വരാതിരിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് മുതിര്‍ന്നവരോട് ചോദിച്ച് മനസിലാക്കും. അടുത്ത തവണയും അവിടെ കപ്പ കൃഷി ചെയ്യണമെന്നു തന്നെയാണ് ആഗ്രഹം’ ജോയല്‍ പറഞ്ഞു.

കുട്ടിക്കാലം മുതല്‍ തുടങ്ങിയതാണ് തനിക്ക് കൃഷിയിലുള്ള താല്‍പര്യമെന്നും ജോയല്‍ പറഞ്ഞു. ‘പപ്പയും ചേട്ടന്മാരുമൊക്കെ പറമ്പിലും മറ്റും പണിയെടുക്കുന്നത് കണ്ട് കൂടിയതാണ് അവര്‍ക്കൊപ്പം. പിന്നെ പച്ചക്കറികളും ചെടികളുമെല്ലാം നട്ടുവളര്‍ത്താന്‍ ഇഷ്ടമായി. പഠനവും കൃഷിയും ഒരുമിച്ച് കൊണ്ടുപോകാനാണ് താല്‍പര്യം. വീടിനു ചുറ്റുമുള്ള 20 സെന്റിലാണ് ആദ്യം കൃഷി തുടങ്ങിയത്. കോവിഡ് കാലമായതിനാല്‍ ഓണ്‍ലൈന്‍ ക്ലാസായതുകൊണ്ട് കുറച്ചുകൂടി സമയം കിട്ടിയപ്പോഴാണ് തറവാടിന് അടുത്ത് കപ്പകൃഷി ചെയ്താലോയെന്ന് തോന്നിയത്. 40 മൂട് കപ്പ അവിടെ നട്ടു. അതിന്റെ എല്ലാ പണികളും തനിച്ചാണ് ചെയ്തത്. അതാണ് കാട്ടുപന്നികള്‍ കൊണ്ടുപോയത്.’

പെറ്റ്‌സിനെ വളര്‍ത്തുന്ന ഒരു ഫാം തുടങ്ങുന്ന കാര്യം തന്റെ ആലോചനയിലുണ്ടെന്നും ജോയല്‍ വെളിപ്പെടുത്തി. ‘പട്ടി, പൂച്ച തുടങ്ങിയവയെ വളര്‍ത്താനാണ് ആലോചിക്കുന്നത്. അതിനെക്കുറിച്ച് പഠിക്കുകയാണിപ്പോള്‍. ഇപ്പോള്‍ വീട്ടില്‍ ഒരു പട്ടിയുണ്ട്.’

കപ്പ, മുളക്, തക്കാളി, പാവയ്ക്ക, കോളിഫ്‌ളവര്‍, കാബേജ്, വാഴ തുടങ്ങിയവയാണ് പ്രധാനമായും ജോയല്‍ കൃഷി ചെയ്യുന്നത്. ഇവ വീട്ടാവശ്യത്തിന് ഉപയോഗിക്കുകയും അയല്‍വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നല്‍കുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്. കച്ചവട സാധ്യതയൊന്നും ഇതുവരെ പരീക്ഷിച്ചിട്ടില്ലെന്നും ജോയല്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.