‘തോറ്റപ്പോള്‍ പാഠം പഠിച്ചു’ സജീവരാഷ്ട്രീയം വിടുകയാണെന്ന് ഇ. ശ്രീധരന്‍


കോഴിക്കോട്: സജീവരാഷ്ട്രീയം വിടുകയാണെന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായിരുന്ന ഡോ. ഇ. ശ്രീധരന്‍. പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്നും പാഠം പഠിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സജീവരാഷ്ട്രീയത്തിലിറങ്ങേണ്ട ആവശ്യം ഇപ്പോള്‍ തനിക്കില്ല. രാഷ്ട്രീയത്തില്‍ ചേര്‍ന്നപ്പോഴും രാഷ്ട്രീയക്കാരനായല്ല ചേര്‍ന്നത്. ഒരു ബ്യൂറോക്രാറ്റ് ആയിട്ടാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തേക്കാളധികം മറ്റുവഴികളിലൂടെ നാടിനെ സേവിക്കാന്‍ കഴിയുന്നുണ്ടെന്നും ശ്രീധരന്‍ വ്യക്തമാക്കി.

അതേസമയം രാഷ്ട്രീയത്തില്‍ നിന്ന് മാറുന്നുവെന്ന് അര്‍ത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഷാഫി പറമ്പിലിനോട് 3859 വോട്ടിനാണ് ഇ. ശ്രീധരന്‍ പരാജയപ്പെട്ടത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായും ബി.ജെ.പി ശ്രീധരനെ ഉയര്‍ത്തിക്കാട്ടിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ തന്നെ പാലക്കാട് എം.എല്‍.എ ഓഫീസ് തുറന്ന ശ്രീധരന്റെ നടപടി വാര്‍ത്തയായിരുന്നു.