തൊഴിലുറപ്പ് പദ്ധതിയില്‍ 75 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് ആയിരം രൂപ ഓണ സമ്മാനം; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ 15008 കുടുംബങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കും


പേരാമ്പ്ര: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 75 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ച മുഴുവന്‍ ആളുള്‍ക്കും ആയിരം രൂപ ഓണ സമ്മാനം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മഹാമാരിയുടെ കാലഘട്ടത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളോടുള്ള കരുതലിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ പ്രഖ്യാപനമെന്ന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു അഭിപ്രായപ്പെട്ടു.

മുന്‍വര്‍ഷങ്ങളില്‍ 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിക്കുന്നവര്‍ക്കായിരുന്നു ഈ ആനുകൂല്യം നല്‍കിയിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7261.34 ലക്ഷം രൂപ ചെലവഴിച്ച് 1853869 തൊഴില്‍ ദിനങ്ങള്‍ ഏഴു പഞ്ചായത്തുകളിലായ നേടിയെടുക്കാന്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്.

ചക്കിട്ടപ്പാറ 2456, ചങ്ങരോത്ത് 2347, ചെറുവണ്ണൂര്‍ 2063, കായണ്ണ 1643, കൂത്താളി 1652, നൊച്ചാട് 2315, പേരാമ്പ്ര 2532 എന്നീ ക്രമത്തില്‍ 15008 കുടുംബങ്ങള്‍ 75 തൊഴില്‍ ദിനങ്ങള്‍ ഗുണഭോക്താക്കളായി പേരാമ്പ്ര ബ്ലോക്കില്‍ ഉണ്ട്. നടപ്പ് വര്‍ഷം 130 കോടി രൂപ ചെലവഴിച്ച് 2768139 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുവാനാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത് എന്ന് പ്രസിഡന്റ് പറഞ്ഞു.