കുറ്റിയാടിയില്‍ തൊണ്ടയില്‍ കളിപ്പാട്ടത്തിന്റെ അടപ്പ് കുരുങ്ങിയ കുഞ്ഞിന് രക്ഷകനായി വയറിങ് തൊഴിലാളി


കുറ്റിയാടി: കളിക്കുന്നതിനിടെ കളിപ്പാട്ടത്തിന്റെ അടപ്പ് കുരുങ്ങിയ കുഞ്ഞിന് രക്ഷകനായി വയറിങ് തൊഴിലാളി. ഊരത്ത് കുന്നത്ത് അസീസാണ് തന്റെ സമയോചിത ഇടപെടലിലൂടെ കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തിയത്.

കുറ്റിയാടി കെഇടി സ്‌കൂളിന് സമീപം ആശാരിക്കണ്ടി റഫീഖ്-റഈസ ദമ്പതിമാരുടെ എട്ടുമാസം പ്രായമായ ഇളയമകളാണ് അപകടത്തിലായത്. ചൊവ്വാഴ്ച്ച ഉച്ചക്ക് 12.30 -ഓടെയാണ് സംഭവം. മണലിറക്കാനെത്തിയ സുഹൃത്തിന്റെ ലോറി ചെളിയില്‍ കുടുങ്ങിയത് കരകയറ്റാനെത്തിയ ഊരത്ത് കുന്നത്ത് അസീസാണ് സമയോചിതമായി കുഞ്ഞിന് പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ചത്. ട്രോമാകെയര്‍ പരിശീലനം നേടിയ അസീസ് കുഞ്ഞിനെ തലകീഴായി പിടിച്ച് പുറത്ത് പതിയെ തട്ടി അടപ്പ് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഉടന്‍ തന്നെ ആശുപത്രിയിലേക്കുള്ള വാഹനം തയ്യാറാക്കുകയും കുട്ടിയെ തലകീഴായി പിടിച്ചുതന്നെ പിടിച്ചുതന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

അസീസിന്റെ ഇടപെടലിനെ അഭിനന്ദിച്ച് ചികിത്സ ഡോ ഷാജഹാനും രംഗത്തെത്തി. സജീവ പാലിയേറ്റീവ് പ്രവര്‍ത്തകനായ അസീസ് കുറ്റിയാടി കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കൂട്ടായ്മയുടെ വൊളന്റിയറും എക്‌സിക്യൂട്ടീവ് അംഗവുമാണ്. കുറ്റിയാടി ദുരന്ത നിവാരണസേന അംഗവുമാണ്.