തേഞ്ഞിപ്പാലത്ത് പൊലീസ് ചമഞ്ഞ് പണം കവര്‍ന്നു; ബൈക്ക് യാത്രികനില്‍ നിന്ന് തട്ടിയെടുത്തത് 11.40 ലക്ഷം രൂപ


തേഞ്ഞിപ്പാലം: പൊലീസ് ചമഞ്ഞെത്തിയ സംഘം ബൈക്ക് യാത്രികനില്‍ നിന്നും 11,40,000 രൂപ കവര്‍ന്നു. ചേളാരിക്കടുത്ത് പാണമ്പ്രയില്‍ വെച്ചാണ് സംഭവം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ചേലേമ്പ്ര പൈങ്ങോട്ടൂര്‍ സ്വദേശി കാളാത്ത് മുഹമ്മദ് കോയയുടെ വാഹനം കവര്‍ച്ചാ സംഘം പൊലീസ് എന്ന വ്യാജേന കാറിലെത്തി തടഞ്ഞുനിര്‍ത്തുകയായിരുന്നു.

പണത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ട ഇവര്‍ രേഖകള്‍ ഇല്ലെന്നറിഞ്ഞതോടെ കാറില്‍ കയറാന്‍ ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോള്‍ ബലപ്രയോഗത്തിലൂടെ പണവും ബൈക്കും തട്ടിയെടുക്കുകയായിരുന്നു.

ചെമ്മാട് ആലിന്‍ചുവ് സ്വദേശി മുബാറ്കിന് കൈമാറാന്‍ കൊണ്ടുപോയ പണമാണ് നഷ്ടമായതെന്നാണ് മുഹമ്മദ് കോയ പറഞ്ഞത്. തേഞ്ഞിപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് കോയയോട് പണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ ഇയാള്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.