തെങ്ങില്ക്കയറവെ പാതിവഴിയില്‍ യന്ത്രത്തില്‍ കുടുങ്ങി തലകീഴായി കിടന്നു: അമ്മയും ഭാര്യയും നോക്കി നില്‍ക്കെ കെ.എസ്.ആര്.ടി.സി ജീവനക്കാരന് അന്ത്യം
കോഴിക്കോട്: ഇളനീര് വലിക്കാനായി തെങ്ങില്‍ കയറിയ കെ.എസ്.ആര്.ടി.സി ജീവനക്കാരന് തെങ്ങുകയറ്റ യന്ത്രത്തില്‍ കുരുങ്ങി മരിച്ചു. പെരുമണ്ണ പയ്യടിമീത്തല്‍ ചിറക്കല്‍ ഫൈസല്‍ (43) ആണ് മരിച്ചത്.
അമ്മയ്ക്കും ഭാര്യയ്ക്കും മക്കള്‍ക്കും ഫൈസലിന്റെ ജീവന് നഷ്ടപ്പെടുന്നത് കണ്ടുനില്ക്കേണ്ടിവന്നു. ഒരു മണിക്കൂറോളമാണ് ഫൈസല്‍ തെങ്ങുകയറ്റയന്ത്രത്തില്‍ തൂങ്ങിനില്‍ക്കേണ്ടി വന്നത്.
നല്ല ഉയരത്തിലുള്ള തെങ്ങായിരുന്നു അത്. മധ്യഭാഗത്തെത്തിയപ്പോള്‍ യന്ത്രം തെന്നിപ്പോകുകയായിരുന്നു. ഇതോടെ ഫൈസല്‍ പിറകിലേക്ക് മറിഞ്ഞ് അരയ്ക്ക് കെട്ടിയ കയറില്‍ തൂങ്ങിക്കിടക്കുകയായിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മീഞ്ചന്ത ഫയര്‍ഫോഴ്സ് ജീവനക്കാര്‍ സ്ഥലത്തെത്തിയിരുന്നു. തെങ്ങിന് മുകളിലേക്ക് കോണി ഉപയോഗിച്ച് കയറുകയും സുരക്ഷാ നെറ്റ് വിരിക്കുകയും ചെയ്തു. ഫൈസലിനെ സുരക്ഷാ നെറ്റില്‍ കിടത്തിയാണ് താഴെയെത്തിച്ചത്. തുടര്‍ന്ന് പ്രഥമ ശുശ്രൂഷ നല്കാന് ശ്രമിച്ചെങ്കിലും അനക്കമുണ്ടായിരുന്നില്ല. സേനയുടെ ആംബുലന്‍സില്‍ ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കോഴിക്കോട് കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ ഡ്രൈവറാണ് ഫൈസല്‍. അച്ഛന്: പരേതനായ മൊയ്തീന്. അമ്മ: കദീജ. ഭാര്യ: ഹബീബുന്നീസ. മക്കള്‍: ഫഹീം ആദില്‍, ഷഹീം ആദില്‍, അമീന് അബ്ദുള്ള, ഹിദായത്തുള്ള. സഹോദരി: സെറീന.