തൃശൂര്‍ ചിമ്മിനിക്കാട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാനക്കുട്ടി ചരിഞ്ഞു; ചരിഞ്ഞത് മൂന്നുദിവസം പ്രായമായ ആന


തൃശൂര്‍: ചിമ്മിനിക്കാട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാനക്കുട്ടി ചരിഞ്ഞു. മൂന്നുദിവസം പ്രായമായ ആനയാണ് ചരിഞ്ഞത്. ഇന്നലെ രാവിലെയാണ് ചിമ്മിനി ഡാമിനോട് ചേര്‍ന്ന സ്ഥലത്ത് കാട്ടാനക്കുട്ടിയെ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ നാട്ടുകാര്‍ കാട്ടാനക്കുട്ടിയെ വനംവകുപ്പ് ഓഫീസിലെത്തിച്ചു. വെറ്ററിനറി സര്‍ജര്‍ ഡേവിസ് എബ്രഹാമിന്റെ നേതൃത്വത്തില്‍ വിദഗ്ധ ചികിത്സ നല്‍കുകയും ചെയ്തു. എന്നാല്‍ ആനക്കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ആനക്കുട്ടിയെ കിട്ടുമ്പോള്‍ തന്നെ അതിന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. അതിന് നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായിരുന്നു. ഇന്ന് രാവിലെയാണ് ആനക്കുട്ടി ചരിഞ്ഞത്.

ആരോഗ്യസ്ഥിതി മോശമായതിനാല്‍ കാട്ടാനക്കൂട്ടം ആനക്കുട്ടിയെ ഉപേക്ഷിച്ച് പോയതാവാമെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.