തൃശൂരില്‍ രണ്ട് ടാപ്പിങ് തൊഴിലാളികളെ കാട്ടാന ചവിട്ടിക്കൊന്നു; സൈക്കിള്‍ ഇട്ട് ഓടിയപ്പോള്‍ പിന്നാലെ എത്തി ആക്രമിച്ചു, മൃതദേഹം ചതഞ്ഞരഞ്ഞ നിലയിൽ


തൃശൂർ: മറ്റത്തൂര്‍ മുപ്ലിയില്‍ രണ്ട് ടാപ്പിങ് തൊഴിലാളികള്‍ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. ഹാരിസണ്‍ മലയാളം കണ്ടായി എസ്റ്റേറ്റിലെ തൊഴിലാളികളായ പീതാംബരന്‍, സൈനുദ്ദീന്‍ എന്നിവരാണ് മരിച്ചത്. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട വനംവകുപ്പിന്റെ ഭാഗത്ത് വീഴചയുണ്ടായി എന്ന് ആരോപിച്ച് നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു.

ഇന്ന് രാവിലെ ആറുമണിക്കാണ് സംഭവം. രണ്ട് ടാപ്പിങ് തൊഴിലാളികളാണ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. ഇരുവരും തത്ക്ഷണം മരിച്ചതായാണ് വിവരം. സൈക്കിള്‍ ചവിട്ടി വരികയായിരുന്ന ഒരാള്‍ കാട്ടാനയെ കണ്ട് ഓടിയെങ്കിലും പിന്നാലെ ചെന്ന് ആന ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു.

നേരത്തെ വേനല്‍ക്കാലത്താണ് കാട്ടാനകള്‍ ജനവാസകേന്ദ്രങ്ങളില്‍ എത്താറ്. ഇപ്പോള്‍ മഴക്കാലത്തും പ്രദേശത്ത് കാട്ടാനകള്‍ എത്തിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്.

ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കേണ്ട വനംവകുപ്പിന്റെ ഭാഗത്ത് വീഴ്ചയുണ്ടായി എന്ന് ആരോപിച്ച് നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു. പാലപ്പിള്ളി റേഞ്ച് ഓഫീസറുടെ തസ്തിക കഴിഞ്ഞ കുറെ നാളുകളായി ഒഴിഞ്ഞു കിടക്കുകയാണ്. എന്തെങ്കിലും സംഭവം ഉണ്ടായാല്‍ തൊട്ടടുത്ത റേഞ്ച് ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥര്‍ എത്തണം. നാട്ടുകാരുടെ പ്രശ്‌നം കേള്‍ക്കാന്‍ റേഞ്ച് ഓഫീസര്‍ ഇല്ലാത്തതാണ് നാട്ടുകാരുടെ അമര്‍ഷത്തിന് കാരണം.