തുറയൂര്‍ പഞ്ചായത്തിന് പുതിയ കെട്ടിടം ഉടന്‍; ഒരു കോടി 90ലക്ഷം രൂപ അനുവദിച്ചതായി ടി.പി രാമകൃഷ്ണന്
തുറയൂര്‍: സൗകര്യക്കുറവ് കാരണം പ്രയാസമനുഭവിക്കുന്ന തുറയൂര്‍ പഞ്ചായത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുമെന്ന് ടി.പി രാമകൃഷ്ണന് എം.എല്‍.എ. പുതിയ കെട്ടിടം പണിയുന്നതിന് എം.എല്‍.എ ഫണ്ടില്‍ നിന്നും ആവശ്യമായ തുക അനുവദിക്കാന്‍ തീരുമാനമായെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മുറിനടക്കല്‍ പാലം പ്രവര്‍ത്തി ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് കെട്ടിടത്തിനായി ഈ വര്‍ഷവും അടുത്തവര്‍ഷവുമായി ഒരു കോടി 90 ലക്ഷം രൂപ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും നല്കാന് തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ തുക ആവശ്യമായി വരികയാണെങ്കില്‍ പണി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായത്രയും തുക അനുവദിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
തുറയൂര്‍ പഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനം തല്ക്കാലം നടത്തിക്കൊണ്ടുപോകുന്നതിനു വേണ്ടി നേരത്തെ വാടകയ്ക്ക് കൊടുത്തിരുന്ന സ്ഥലം ഒഴിപ്പിച്ചെടുക്കേണ്ടി വന്നിരുന്നു.