തുറയൂരില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു; രോഗവ്യാപനം കുറയ്ക്കാന്‍ നടപടിയുമായി പഞ്ചായത്ത്, വിശദാംശങ്ങള്‍ ചുവടെ


സൂര്യഗായത്രി കാര്‍ത്തിക

തുറയൂര്‍: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളെ നാല് കാറ്റഗറിയായി തരം തിരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓരോ പ്രദേശത്തും സര്‍ക്കാര്‍ ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കുന്നത്. ഇത് പ്രകാരം കാറ്റഗറി ഡി യിലാണ് തുറയൂര്‍ പഞ്ചായത്ത് ഉള്‍പ്പെടുന്നത്. രോഗ വ്യാപനം ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളാണ് ഇതില്‍ ഉള്‍പ്പെടുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തില്‍ കൂടുതലായതിനാലാണ് തുറയൂര്‍ പഞ്ചായത്ത് കാറ്റഗറി ഡി യില്‍ ഉള്‍പ്പെടാന്‍ കാരണം. അതിനാല്‍ ഇന്ന് മുതല്‍ പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വന്നു. അവശ്യ സര്‍വ്വീസൊഴികെ മറ്റ് പ്രവര്‍ത്തനങ്ങള്‍ ഒന്നും ഇവിടെ അനുവദനീയമല്ല.

കൊവിഡ് രോഗ വ്യാപനം കുറയ്ക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വേണ്ടി പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷിന്റെ അദ്ധ്യക്ഷതയില്‍ തുറയൂരിലെ ജനപ്രതിനിധികള്‍, പോലീസ് ആരോഗ്യ പ്രവര്‍ത്തകര്‍, സെക്ടറല്‍ മജിസ്ട്രേറ്റ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. രോഗ വ്യാപനം കുറയ്ക്കുന്നതിനാവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും യോഗത്തില്‍ തീരുമാനമായി.

നാളെ മുതല്‍ പഞ്ചായത്തിലെ അവശ്യവസ്തുക്കളുടെ കടകള്‍ രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണിവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും സമ്പൂര്‍ണ്ണ കൊവിഡ് ടെസ്റ്റ് നടത്തി രോഗവാഹകരെ കണ്ടെത്തി രോഗവ്യാപനം തടയും. ഇതിനായി എല്ലാ വാര്‍ഡു തലത്തിലും ക്യാമ്പുകള്‍ സംഘടിപ്പിക്കും. ക്യാമ്പുകളില്‍ എല്ലാവരെയും എത്തിക്കാനായുള്ള നടപടികള്‍ സ്വീകരിക്കും. എല്ലാ വീടുകളിലുള്ളവരെയും ടെസ്റ്റിന് വിധേയരാക്കും. മൊബൈല്‍ യുണിറ്റുകള്‍ വഴി വീടുകളില്‍ നേരിട്ടെത്തി സാമ്പിളുകള്‍ ശേഖരിച്ച് ടെസ്റ്റ് നടത്താനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുമെന്നും പ്രസിഡന്റ് സി കെ ഗിരീഷ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

നിലവില്‍ കോഴിക്കോട് ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്നത് രണ്ട് പഞ്ചായത്തുകളില്‍ മാത്രമാണ്. അതില്‍ലൊന്നാണ് തുറയൂര്‍. പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളിലാണ് രോഗബാധിതര്‍ കൂടുതലുള്ളത്. വാര്‍ഡ് രണ്ട്, നാല്, അഞ്ച്, പത്ത്, പന്ത്രണ്ട് എന്നിയാണ് ഇവ. ഇവിടങ്ങളെ നേരത്തെ ക്രിട്ടുക്കല്‍ കണ്ടെയ്ന്‍മന്റ് സോണായും, കണ്ടെയ്ന്‍മെന്റ് സോണായും കലക്ടര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്.

പഞ്ചായത്തിലെ നിയന്ത്രണങ്ങള്‍ ( ഡി കാറ്റഗറി)

# ജനങ്ങള്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങാന്‍ അനുമതി.
# ആവശ്യമുള്ള പ്രദേശങ്ങളില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നടപ്പിലാക്കും.
# പ്രദേശത്ത് കൊവിഡ് പരിശോധന വര്‍ധിപ്പിക്കും.
# അവശ്യവസ്തുക്കളുടെ കടകള്‍ രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണിവരെ മാത്രം.