തീരജനതയുടെ പ്രശ്നങ്ങൾ കേൾക്കാനായി തീരസദസ്സുകൾ സംഘടിപ്പിക്കുന്നു, വിശദാംശങ്ങൾ; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (27/04/2023)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

സൗജന്യ പരിശീലനം

ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ഏപ്രിൽ 29 ന് സൗജന്യ കെ-മാറ്റ് പരിശീലനം നൽകും. പങ്കെടുക്കാൻ താല്പര്യമുള്ളവർ 9446068080 എന്ന നമ്പറിൽ ബന്ധപ്പെടണം.

ക്വട്ടേഷൻ ക്ഷണിച്ചു

ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്ററുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രതിമാസ വാടക നിരക്കിൽ 2018 അല്ലെങ്കിൽ അതിനു ശേഷമുള്ള മോഡൽ കാർ ( സ്വിഫ്റ്റ് ഡിസയർ,ടൊയോട്ട എറ്റിയോസ്, മഹീന്ദ്ര വെരീറ്റോ എന്നിവ അഭികാമ്യം) ലഭ്യമാക്കാൻ തയ്യാറുള്ള കാറുടമകളിൽ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചു. ആറു മാസത്തേക്കാണ് വാഹനം ലഭ്യമാക്കേണ്ടത്. പ്രതിമാസം 2000 കി.മീ. ഓടുന്നതിന് ആവശ്യപ്പെടുന്ന കുറഞ്ഞ നിരക്ക് ക്വട്ടേഷനിൽ കാണിക്കണം. ക്വട്ടേഷനുകൾ “വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷൻ” എന്ന് കവറിൽ രേഖപ്പെടുത്തി ഏപ്രിൽ നാലിന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പായി ജില്ലാ കോർഡിനേറ്ററുടെ ഓഫീസിൽ സമർപ്പിക്കണം. അന്നേദിവസം വൈകുന്നേരം നാല് മണിക്ക് ക്വട്ടേഷനുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് : 0495-2370677

ഇന്റർവ്യൂ

മാളിക്കടവ് ജനറൽ ഐ.ടി.ഐയിൽ വയർമാൻ ട്രേഡിൽ താൽക്കാലികാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ട്രറെ നിയമിക്കുന്നു. യോഗ്യത: മൂന്ന് വർഷത്തെ പ്രവൃത്തി പരിചയത്തോടു കൂടിയ എൻ ടി സി/എൻ എ സി ഇൻ വയർമാൻ ട്രേഡ് അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയം. ഇന്റർവ്യൂ മെയ്‌ മൂന്നിന് രാവിലെ 11 മണിക്ക് ഐ ടി ഐയിൽ നടക്കും. എൽ സി /എ ഐ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തിയ്യതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495 2377016

ഹോസ്റ്റൽ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന്റെ പെൺകുട്ടികളുടെ പ്രി മെട്രിക് ഹോസ്റ്റലിലേക്ക് 2023-24 അധ്യയന വർഷം അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥിനികൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. അപേക്ഷയോടൊപ്പം കഴിഞ്ഞ വർഷത്തെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ കോപ്പി, ബാങ്ക് പാസ്സ് ബുക്ക് എന്നിവ സഹിതം കോർപ്പറേഷൻ പട്ടികജാതി വികസന ഓഫിസിൽ 2023 മെയ് 15നകം അപേക്ഷ ലാഭ്യമാക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥിനികൾക്ക് സൗജന്യ താമസ സൗകര്യം, ഭക്ഷണം, പോക്കറ്റ് മണി, നോട്ട്ബുക്ക്, സ്റ്റേഷനറി എന്നിവ ലഭിക്കും. അപേക്ഷാ ഫോറം കോർപ്പറേഷൻ പട്ടിക ജാതി വികസന ഓഫീസിൽ നിന്നും എലത്തൂർ പ്രി മെട്രിക് ഹോസ്റ്റലിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 8547630149, 9526679624

ലേലം ചെയ്യുന്നു

അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പോലീസ്, ഫറോക്ക് സബ് ഡിവിഷൻ കാര്യാലയം കോമ്പൗണ്ടിൽ നിന്നും മുറിച്ചുമാറ്റിയ ചീനി മരത്തിന്റെ തടികൾ മെയ് മൂന്നിന് രാവിലെ 11 മണിക്ക് സബ് ഡിവിഷൻ ഓഫീസ് കോമ്പൗണ്ടിൽ പരസ്യമായി ലേലം ചെയ്യുന്നു. നിരതദ്രവ്യം 500 രൂപ. ലേല തിയ്യതിക്ക്‌ മൂന്നു ദിവസം മുമ്പുള്ള പ്രവർത്തി ദിനങ്ങളിൽ ഡബ് ഡിവിഷൻ ഓഫീസ് റൈറ്ററുടെ അനുമതിയോടുകൂടി ലേല വസ്തു പരിശോധിക്കാവുന്നതാണ്. ലേലം സംബന്ധിച്ച എല്ലാ സർക്കാർ ഉത്തരവുകളും ലേലത്തിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾക്ക്: acpferokekkd.pol@kerala.gov.in

ഇന്റർവ്യൂ നടത്തുന്നു

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഉദയം പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഉദയം ഹോമിലെ കെയർ ടേക്കർമാരുടെ ഒഴിവിലേക്കുള്ള ഇന്റർവ്യൂ മെയ് അഞ്ചിന് വൈകീട്ട് 4.30 ക്ക് ചേവായൂർ ഉദയം ഹോമിൽ നടക്കും. യോഗ്യത: എസ് എസ് എൽ.സി. പ്രായപരിധി 55 വയസ്സ്. കൂടുതൽ വിവരങ്ങൾക്ക്: 9207391138 /udayamprojectkozhikode@gmail.com

തീരജനതയെ കേൾക്കാൻ തീരസദസ്സുകൾ

തീരദേശ ജനതയുടെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനും വേണ്ടി തീരസദസ്സ് സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് മെയ് 14 മുതൽ മെയ് 20 വരെയാണ് ജില്ലയിൽ തീരസദസ്സ്.

സംസ്ഥാനത്തെ 47 തീരദേശ നിയോജകമണ്ഡലങ്ങളിലും തീരസദസ്സ് നടക്കും. ആദ്യത്തെ ഒരു മണിക്കൂർ ജനപ്രതിനിധികളുമായുള്ള ചർച്ചകളും തുടർന്നുള്ള മൂന്ന് മണിക്കൂർ മത്സ്യത്തൊഴിലാളികളുടെ പരാതി പരിഹാരവുമാണ് നടത്തുക.

ജില്ലയിൽ ബേപ്പൂർ, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത്, എലത്തൂർ, കൊയിലാണ്ടി, വടകര മണ്ഡലങ്ങളിലാണ് തീരസദസ്സ് സംഘടിപ്പിക്കുന്നത്. മെയ് 14 ന് രാവിലെ ഒൻപത് മണിയ്ക്ക് ബേപ്പൂർ ഹയർസെക്കന്ററി സ്കൂൾ, മെയ് 15 ന് രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ഭട്ട് റോഡ് സമുദ്ര ഓഡിറ്റോറിയം, അന്നേ ദിവസം ഉച്ചയ്ക്ക് മൂന്ന് മണി മുതൽ ഏഴ് മണിവരെ പയ്യാനക്കൽ ഹയർ സെക്കന്ററി സ്ക്കൂൾ, മെയ് 16 ന് രാവിലെ ഒൻപത് മണി മുതൽ പുതിയാപ്പ ഫിഷറീസ് ഹയർ സെക്കന്ററി സ്കൂൾ, മെയ് 17 ന് രാവിലെ ഒൻപത് മണി മുതൽ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ (ബോയ്സ് ഹൈസ്ക്കൂൾ), മെയ് 20 ന് രാവിലെ ഒൻപത് മണി മുതൽ വടകര ടൗൺഹാൾ എന്നിവിടങ്ങളിലാണ് തീരസദസ്സ് നടക്കുക.

മാമുക്കോയ ഇനി ഓർമ; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി

അന്തരിച്ച പ്രശസ്ത ചലച്ചിത്ര നടൻ മാമുക്കോയയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ ഖബറടക്കി. തുറമുഖ – പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ മാമുക്കോയക്ക് അന്തിമോപചാരം അർപ്പിച്ചു. മാമുക്കോയയുടെ ഭൗതികശരീരത്തിന് അരക്കിണറിലുള്ള വസതിയിൽ പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി. സമൂഹത്തിന്റെ നാനാതുറകളിൽപെട്ട നിരവധി പേർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.

ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭ ശ്മശാനം ഉദ്ഘാടനത്തിനൊരുങ്ങി

പൊതുശ്മശാനങ്ങളെക്കുറിച്ചുള്ള പതിവ് സങ്കല്പങ്ങളെ മാറ്റിമറിക്കുന്ന പ്രശാന്തി ഗാർഡൻ ശ്മശാനം ഉദ്ഘാടനത്തിന് ഒരുങ്ങി. ദക്ഷിണേന്ത്യയിലെ തന്നെ ആദ്യ ഭൂഗർഭ ഗ്യാസ് ക്രിമറ്റോറിയമാണിത്. ഉള്ളിയേരി പഞ്ചായത്തിലെ പാലോറ കാരക്കാട്ട് കുന്നിൽ 2.6 ഏക്കർ സ്ഥലത്താണ് പ്രശാന്തി ഗാർഡൻ നിർമ്മിച്ചത്. മറ്റ് ശ്മശാനങ്ങളിൽനിന്ന് വ്യത്യസ്തമായ രീതിയിലാണ് പ്രശാന്തി ഗാർഡൻ മോഡൽ ശ്മശാനം ഒരുങ്ങിയത്.

മുൻ എം.എൽ.എ പുരുഷൻ കടലുണ്ടിയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 4.25 കോടിയും കെ. എം സച്ചിൻ ദേവ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ 27 ലക്ഷത്തിലേറെ രൂപയും ചെലവഴിച്ചാണ് ശ്മശാനത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.

ഒട്ടേറെ പ്രത്യേകതകളുണ്ട് ഈ ശ്മശാനത്തിന്. സ്മൃതിവനങ്ങൾ, പൊതുദർശനത്തിന് വെക്കാനുള്ള സൗകര്യം, ഉദ്യാനങ്ങൾ, കാരക്കാട്ട്ക്കുന്ന് മലയിൽ നിന്നുള്ള പ്രകൃതിമനോഹര കാഴ്ചകൾ എന്നിവയാണ് ശ്മശാനത്തെ വ്യത്യസ്തമാക്കുന്നത്. കാരക്കാട്ട്കുന്ന് മലയിലെ മരങ്ങളും ഭൂപ്രകൃതിയും അതേപടി നിലനിർത്തിയാണ് നിർമ്മാണം നടത്തിയത്. മല തുരന്ന് ഉണ്ടാക്കിയ പ്രകൃതി സൗഹൃദ മാതൃകാ ശ്മശാനം കാഴ്ചയിലും വ്യത്യസ്തമാണ്.

ഉദ്യാനം, ഇടവഴികൾ, വായനമുറികൾ, വിശ്രമ ഇരിപ്പിടങ്ങൾ തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ടാവും. പ്രകൃതിയുടെ തനത് ഘടന മാറ്റാതെ ഭൂമിക്കടിയിലായാണ് ഇത് നിർമ്മിച്ചത്. ബാലുശ്ശേരി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകൾക്കും ശ്മശാനം ഉപയോഗിക്കാൻ കഴിയും.

ഉള്ളിയേരി സംസ്ഥാനപാതയിൽ പാലോറയിൽനിന്ന് ഏകദേശം 700 മീറ്റർ സഞ്ചരിച്ചാൽ ഈ ശ്മശാനത്തിൽ എത്തിച്ചേരാം. ഒരേസമയം രണ്ടു മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള സൗകര്യമുണ്ട്. മൊബൈൽ മോർച്ചറി, ആംബുലൻസ്, മരണാനന്തര ചടങ്ങുകൾ നടത്താനുള്ള വിവിധ സൗകര്യങ്ങൾ എന്നിവയുമുണ്ട്. കുളിക്കുന്നതിനും കർമങ്ങൾ ചെയ്യുന്നതിനും ഭസ്മം ശേഖരിക്കുന്നതിനും നിമജ്ജനത്തിന് വിവിധ സ്ഥലങ്ങളിലേക്ക് യാത്ര നടത്തുന്നതിനും പ്രത്യേക സൗകര്യമുണ്ടായിരിക്കും.

ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവും ആണ് ഇവിടെ സംസ്കാര ചടങ്ങുകൾ. ഒന്നുമുതൽ ഒന്നര മണിക്കൂറിനകം സംസ്കാരം പൂർത്തിയാകും. ട്രോളിയിലൂടെ ചൂളയിൽ വയ്ക്കുന്ന മൃതദേഹം സംസ്കരിക്കുമ്പോൾ ഉണ്ടാകുന്ന പുക ശുദ്ധീകരിച്ചാണ് മലയ്ക്കു മുകളിലെ 30 മീറ്റർ ഉയരമുള്ള കുഴലിലൂടെ പുറത്തു വിടുക. അതിനാൽ തന്നെ ദുർഗന്ധം ഉണ്ടാവുകയുമില്ല. 15 മുതൽ 18 കിലോഗ്രാം പാചകവാതകമാണ് ഒരു മൃതദേഹം സംസ്കരിക്കാൻ ആവശ്യം വരിക.

ആർക്കിടെക്ട് വിനോദ് സിറിയക്കാണ് ശ്മശാനത്തിന്റെ രൂപകല്പന ചെയ്തത്. യു.എൽ.സി.സി.എസാണ് നിർമാണച്ചുമതല നിർവഹിച്ചത്.

കരുതലും കൈത്താങ്ങും: സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 30ന് മുഖ്യമന്ത്രി നിർവഹിക്കും

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 30ന് രാവിലെ 11 മണിക്ക് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നിർവഹിക്കും. താലൂക്ക്തല അദാലത്തുകൾ ജില്ലയിൽ മേയ് രണ്ടു മുതൽ എട്ട് വരെ നടക്കും.

കോഴിക്കോട് താലൂക്ക് അദാലത്ത് മെയ് രണ്ടിന് മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലും താമരശ്ശേരി താലൂക്ക് അദാലത്ത് മെയ് നാലിന് താമരശ്ശേരി ഗവ.യുപി സ്കൂളിലും കൊയിലാണ്ടി താലൂക്ക് അദാലത്ത് മെയ് ആറിന് കൊയിലാണ്ടി ടൗൺഹാളിലും വടകര താലൂക്ക് അദാലത്ത് മെയ് എട്ടിന് വടകര ടൗൺഹാളിലും നടക്കും. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് അദാലത്തുകൾ നടക്കുക.

റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിൽ താലൂക്ക്തല അദാലത്തുകൾ നടക്കുന്നത്.

ആരോഗ്യമേഖലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ

സംസ്ഥാന സർക്കാരിന്റെ നൂറ്‌ ദിന കർമ്മപരിപാടികളുടെ ഭാഗമായി ജില്ലയിലെ ആരോഗ്യമേഖലയിൽ നടപ്പിലാക്കിയ വിവിധ വികസന പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് നാളെ (ഏപ്രിൽ 28) ഉദ്ഘാടനം ചെയ്യും.

വളയം സാമൂഹ്യരോഗ്യ കേന്ദ്രത്തെ ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തൽ, ആയഞ്ചേരി ആയുർവേദ ആശുപത്രി കെട്ടിടം, വടകര ജില്ലാ ആശുപത്രിയിൽ പുതിയ കെട്ടിടം, പീഡിയാട്രിക് ഐ.സി.യു, ഗവ. മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ലേബർ റൂം ലക്ഷ്യ നിലവാരത്തിലേക്ക് ഉയർത്തിയത്, ഓഡിയോ വിഷ്വൽ റൂം, ഹീമോഫീലിയ ട്രീറ്റ്മെന്റ് സെന്ററിന്റെ പ്രവൃത്തി, പീഡിയാട്രിക് ഐസിയു, ചെലവൂർ നഗര കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം എന്നീ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്.

അവിടനല്ലൂർ എൻ എൻ കക്കാട് എസ്.ജി.എച്ച്.എസ്.എസ്സിൽ ടിങ്കറിംഗ് ലാബ് സജ്ജം

ഉദ്ഘാടനം നാളെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.

വിദ്യാർത്ഥികൾക്ക് നൂതന പഠനം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് അവിടനല്ലൂർ എൻ എൻ കക്കാട് എസ്.ജി.എച്ച്.എസ്.എസ്സിൽ ടിങ്കറിംഗ് ലാബ് ഒരുങ്ങി. ലാബിന്റെ ഉദ്ഘാടനം നാളെ (ഏപ്രിൽ 28) രാവിലെ 10 മണിക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. കെ.എം സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിക്കും.

വിദ്യാർത്ഥികളിൽ പുതിയ സാങ്കേതിക വിദ്യകളിൽ താല്പര്യം ജനിപ്പിക്കാനും കുട്ടികളിൽ ജിജ്ഞാസയും സർഗാത്മകതയും വളർത്താൻ പര്യാപ്തമായ സവിശേഷ സജ്ജീകരണങ്ങളുള്ള പരീക്ഷണശാലയാണ് സമഗ്ര ശിക്ഷ കേരള ആരംഭിച്ച ടിങ്കറിംഗ് ലാബ്. കുട്ടികളിൽ ഗവേഷണ തല്പരതയും പ്രശ്ന പരിഹാര ചിന്തയും ഉണർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നൂതന പദ്ധതി ആരംഭിച്ചത്.

സമഗ്ര ശിക്ഷാ കേരളയുടെ ഫണ്ട് 10 ലക്ഷം രൂപ ഉപയോഗപ്പെടുത്തി പൂർത്തീകരിച്ച ടിങ്കറിംഗ് ലാബ് നവീനപാഠങ്ങൾക്കുള്ള വിശാലമായ സാധ്യതകളാണ് കുട്ടികളുടെ മുന്നിൽ തുറന്നിടുന്നത്. റോബോട്ടിക്സ് ഉൾപ്പെടെയുള്ള തുടർ പഠനങ്ങൾക്ക് വേദിയാകുന്ന ലാബ് വിദ്യാലയത്തിന്റെ വികസന കുതിപ്പിൽ മറ്റൊരു നാഴികക്കല്ലാണ്.

ആറ് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ റോബോട്ടിക് സാങ്കേതിക വിദ്യ ഉള്‍പ്പെടെ സ്വായത്തമാക്കുന്നതിന് പര്യാപ്തരാക്കുന്ന വിധത്തിലുള്ള ഉപകരണങ്ങളാണ് ലാബില്‍ സജ്ജമാക്കിയിട്ടുള്ളത്. കമ്പ്യൂട്ടേഷണൽ കഴിവുകൾ, അഡാപ്റ്റീവ് ലേർണിങ്, പ്രശ്നപരിഹാരം, ദ്രുതഗണിത വിശകലനം തുടങ്ങിയ കഴിവുകൾ കുട്ടികളിൽ വളർത്തുന്നതിനും അവ സമൂഹനന്മക്കായി പ്രയോജനപ്പെടുത്തുന്നതിനും ടിങ്കറിംഗ് ലാബുകൾ സഹായകമാവുന്നു. കോഡിങ്, ത്രീഡി പ്രിന്ററുകൾ, സെൻസർ ടെക്നോളജി കിറ്റ് തുടങ്ങിയവയും ടിങ്കറിംഗ് ലാബിന്റെ ഭാഗമാണ്.

ചെലവൂർ നഗര കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം നാളെ മന്ത്രി വീണാ ജോർജ് നിർവഹിക്കും

ചെലവൂർ നഗരകുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നാളെ (ഏപ്രിൽ 28) വൈകീട്ട് നാല് മണിക്ക് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിക്കും.

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ദേശീയ നഗരാരോഗ്യ ദൗത്യത്തിന് കീഴിൽ പ്രവർത്തിച്ചുവരുന്ന ചെലവൂർ നഗര പ്രാഥമികാരോഗ്യ കേന്ദ്രം സർക്കാറിന്റെ ആർദ്രം മിഷനിൽ ഉൾപ്പെടുത്തിയാണ് കൂടുതൽ സൗകര്യങ്ങളോടെയും സജ്ജീകരണങ്ങളുടെയും നഗര കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. എംഎൽഎയുടെ ആസ്തി വികസന ഫണ്ട്, കോർപ്പറേഷൻ നോൺ റോഡ് ഫണ്ട്, എൻ.എച്ച്.എം ഫണ്ട് എന്നിവ വിനിയോഗിച്ചാണ് നവീകരണ പ്രവർത്തികൾ പൂർത്തീകരിച്ചത്.

അജൈവമാലിന്യ ശേഖരണം: സ്മാർട്ടാകാൻ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത്

വീടുകളിലെ അജൈവമാലിന്യ ശേഖരണം സമയബന്ധിതമായി നടത്തുന്നതിനായി “ഹരിതമിത്രം സ്മാർട്ട്‌ ഗാർബേജ് ആപ്പ് ” ക്യൂ ആർ കോഡ് വീടുകളിൽ പതിപ്പിച്ച് ചെങ്ങോട്ടുകാവ് പഞ്ചായത്ത്. പഞ്ചായത്തിലെ എല്ലാ വീടുകളെയും സ്ഥാപനങ്ങളെയും ബന്ധിപ്പിച്ചാണ് ആപ്പിന്റെ പ്രവർത്തനം.

ക്യു ആർ കോഡ് പതിപ്പിക്കുന്നതിന്റെ ഉദ്ഘാടനം ഒന്നാം വാർഡിൽ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ മലയിൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ വേണുമാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ ഗീത കാരോൽ, ബേബി സുന്ദർരാജ്, ബിന്ദു മുതിരക്കണ്ടത്തിൽ വി ഇ ഒ അനുശ്രീ, ഹരിതകർമ്മ സേന അംഗമായ ബ്രിജീന, കെൽട്രോൺ പ്രൊജക്റ്റ്‌ അസിസ്റ്റന്റ് നിതിൻരാജ്, ജില്ലാ കോർഡിനേറ്റർ സുഗീഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ വാർഡ് മെമ്പർമാർ, ഹരിതകർമസേന അംഗങ്ങൾ, വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വാർഡ്‌ മെമ്പർ സുധ സ്വാഗതവും വി ഇ ഒ ദിപിൻ നന്ദിയും പറഞ്ഞു. ക്യൂ ആർ കോഡ് പതിപ്പിക്കുന്നതിനായി ഹരിതകർമ്മ സേന അംഗങ്ങൾ വീടുകളിലെത്തുമ്പോൾ റേഷൻ കാർഡ്, മൊബൈൽ ഫോൺ നമ്പർ എന്നീ വിവരങ്ങൾ ഹരിതകർമ്മ സേന വളണ്ടിയർമാർക്ക് നൽകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ അറിയിച്ചു.

വടകര ഗവ. ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്‌ഘാടനം നാളെ (ഏപ്രിൽ 28)

നബാർഡ് ധന സഹായത്തോടെ വടകര ഗവ. ജില്ലാ ആശുപത്രിയിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 11ന് ആരോഗ്യ ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, കെ മുരളീധരൻ എംപി, കെ കെ രമ എംഎൽഎ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

13.70 കോടി രൂപ ചെലവിൽ നാല് നിലകളിലായി ആധുനിക സജ്ജീകരണത്തോടെയാണ് കെട്ടിടം നിർമ്മിച്ചത്. സെൻട്രലൈസ്ഡ് ശീതീകരണ സംവിധാനവും കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. യു എൽ സി സിഎസിനാണ് കെട്ടിടം നിർമ്മാണ ചുമതല. 200 കിടക്കകൾ ഒരുക്കാൻ കെട്ടിടത്തിൽ സൗകര്യമുണ്ട്. കുട്ടികളുടെ ഐ സി യു, രണ്ട് ഓപ്പറേഷൻ തിയേറ്റർ, ഫാർമസി, അത്യാഹിത വിഭാഗം ഉൾപ്പെടെ പുതിയ കെട്ടിടത്തിൽ സ്ഥാപിക്കും. നാല് നിലകളിലും കുറ്റമറ്റ അഗ്നി രക്ഷാ സംവിധാനവും രണ്ട് ലിഫ്റ്റും ഉണ്ട്. മലയോര മേഖലയിൽ ഉൾപ്പെടെയുള്ള രോഗികൾക്ക് ഏറെ ആശ്വാസമാവുന്നതാണ് പുതിയ കെട്ടിടം. പുതിയ കെട്ടിടം പൂർണ സ്ഥിതിയിൽ പ്രവർത്തനം തുടങ്ങുന്നതോടെ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ 83 കോടി രൂപ ചെലവിലുള്ള ആറ് നില കെട്ടിടത്തിന്റെ പ്രവൃത്തിയും ആരംഭിക്കും.

ചെത്തുകടവ് അപ്രോച്ച് റോഡ് സർവേ നടപടികൾക്ക് തുടക്കമായി

കുന്ദമംഗലം അഗസ്ത്യൻമുഴി റോഡിൽ നിന്ന് ചെത്തുകടവ് മെഡിക്കൽ കോളജ് റോഡിലേക്ക് പുതിയ അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള റവന്യു വകുപ്പിൻറെ സർവേ നടപടികൾക്ക് തുടക്കമായി. മുക്കം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് കുന്ദമംഗലം ടൗണിൽ പ്രവേശിക്കാതെ മെഡിക്കൽ കോളജ് ഭാഗത്തേക്ക് കടന്നുപോവുന്നതിന് സൗകര്യപ്രദമാക്കുന്നതാണ് അപ്രോച്ച് റോഡ്. പി.ടി.എ റഹീം എം.എൽ.എ, റവന്യു ഇൻസ്പെക്ടർ പി സൂര്യപ്രഭ, സർവേയർ സി.എം സജിത, ചെയിൻമാൻ വി.പി പ്രീത, കെ.പി വസന്തരാജൻ, എഞ്ചിനീയർ കെ നാസർ, വി സുനിൽകുമാർ തുടങ്ങിയവർ സർവേ നടപടികളിൽ പങ്കെടുത്തു.

അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിന് 20 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. ആകെ ഒരു ഏക്കർ 29 സെൻറ് സ്ഥലമാണ് റോഡ് നിർമ്മാണത്തിന് ആവശ്യമായത്. നേരത്തെ പൊതുമരാമത്ത് റോഡ് വിഭാഗം അംഗീകരിച്ച അലൈൻമെൻറ് പ്രകാരം കല്ലിട്ട സ്ഥലത്തെ ഭൂ ഉടമകളിൽ നിന്ന് വില കൊടുത്താണ് ഭൂമി ഏറ്റെടുക്കുന്നത്.

ഇപ്പോൾ പ്രവൃത്തി അന്തിമ ഘട്ടത്തിലെത്തിയ ചെത്തുകടവ് കുരിക്കത്തൂർ റോഡ് കുന്ദമംഗലം അഗസ്ത്യൻമുഴി റോഡുമായി സന്ധിക്കുന്ന ചെത്തുകടവ് ജംഗ്ഷനിലെ ഇടുങ്ങിയ റോഡ് ഏറെക്കാലമായി ഗതാഗതക്കുരുക്ക്മൂലം പ്രതിസന്ധി സൃഷ്ടിച്ചു വരികയാണ്. അപ്രോച്ച് റോഡ് നിർമ്മിക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും.

ഭൂരഹിത ഭവനരഹിതർക്ക് പാർപ്പിടമൊരുക്കാൻ കോർപ്പറേഷൻ

നഗരത്തിലെ സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത നിർധനർക്ക് ബഹുജന പങ്കാളിത്തത്തോടെ പാർപ്പിടം ഒരുക്കുന്ന കോർപ്പറേഷൻ്റെ ബൃഹത്ത് പദ്ധതിക്ക് തുടക്കമാവുന്നു.

കേരള സർക്കാറിന്റെ “ലൈഫ് – മനസ്സോടിത്തിരി മണ്ണ്” പദ്ധതിയുടെ ഭാഗമായി കോഴിക്കോട് നഗരത്തിലെ ഭൂരഹിത ഭവനരഹിതരായ 1000 പേർക്ക് പൊതുജന പങ്കാളിത്തത്തോടെ വീട് നിർമ്മിച്ചു നൽകുന്നതാണ് പദ്ധതി. ഭൂമിയടക്കം ഒരു വീടിന്‌ 14 ലക്ഷം രൂപയാണ്‌ ചെലവ്‌ കണക്കാക്കിയിട്ടുള്ളത്‌.

ഭൂമിയായും പണമായും നിർമാണ വസ്‌തുക്കളായും അധ്വാനമായും വിഭവസമാഹരണം നടത്തി തുക കണ്ടെത്തും. ബിസിനസ്‌ സ്‌ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ടും മറ്റു സംഭാവനകളും ഉൾപ്പെടുത്തി പദ്ധതി സമയബന്ധിതമായി നടപ്പാക്കാനാണ് കോർപറേഷൻ ഉദ്ദേശിക്കുന്നത്.

കോർപ്പറേഷൻ ആവിഷ്ക്കരിച്ച പദ്ധതി ബേപ്പൂരിലെ നടുവട്ടത്താണ് തുടക്കം കുറിക്കുന്നത്. ഏപ്രിൽ 29 ന് ബേപ്പൂർ ജി.എൽ.പി സ്കൂളിൽ (ബി.സി.റോഡ്) നടക്കുന്ന പരിപാടിയിൽ പദ്ധതിയുടെ പ്രഖ്യാപനവും തറക്കല്ലിടലും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. പദ്ധതിക്കായുള്ള ക്രൌഡ് ഫണ്ടിംഗ് ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. ലോഗോ പ്രകാശനം തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും വെബ്സൈറ്റ് ലോഞ്ചിംഗ് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനും നിർവ്വഹിക്കും. ചടങ്ങിൽ മുഖ്യാതിഥികളായി എളമരം കരീം എം.പി, എം.കെ.രാഘവൻ എം.പി എന്നിവർ പങ്കെടുക്കും.

മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ സ്വാതന്ത്ര്യ സുവർണ്ണ ജൂബിലി ഹാൾ ഉദ്ഘാടനം 29ന് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും

കോഴിക്കോട് കോർപ്പറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുതുക്കി നിർമ്മിച്ച കണ്ടംകുളത്തുള്ള മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ സ്വാതന്ത്ര്യ സുവർണ്ണ ജൂബിലി ഹാളിന്റെയും നൗഷാദ് പാർക്കിന്റെയും ഉദ്ഘാടനം ഏപ്രിൽ 29 ന് വൈകുന്നേരം അഞ്ച് മണിക്ക് നടക്കും.

മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷും ഹാളിനടത്തുള്ള നവീകരിച്ച നൗഷാദ് പാർക്കിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും നിർവഹിക്കും. ഹാളിലെ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ഫോട്ടോ അനാഛാദനം തുറമുഖ – മ്യൂസിയം – പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും പുരസ്ക്കാര സമർപ്പണം വനം – വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും നിർവഹിക്കും. ചടങ്ങിൽ മുഖ്യാതിഥികളായി എം പിമാരായ എളമരം കരീം, എം.കെ.രാഘവൻ, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ എന്നിവർ പങ്കെടുക്കും. മേയർ ഡോ.ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും.

മാങ്കാവ് – മേത്തോട്ട് താഴം റോഡ് വികസനം യാഥാർത്ഥ്യത്തിലേക്ക്

സൗത്ത് മണ്ഡലത്തിലെ മാങ്കാവ് – മേത്തോട്ട് താഴം റോഡ് വികസനം യാഥാർത്ഥ്യത്തിലേക്ക്. ഇതോടെ ഹൈലൈറ്റ് മാൾ, തൊണ്ടയാട് ജംഗ്ഷൻ, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് അനായാസം എത്തിച്ചേരാൻ കഴിയും. കോഴിക്കോട് ബൈപാസും – മിനിബൈപാസും തമ്മിൽ യോജിപ്പിക്കുന്ന റോഡ് എന്ന നിലയിൽ ബൈപാസ് വഴിവരുന്നവർക്ക് കോഴിക്കോട് നഗരത്തിലേക്ക് വേഗത്തിൽ എത്തിപ്പെടാൻ ഈ റോഡിലൂടെ സാധിക്കും. നിലവിലെ റോഡിൻ്റെ വീതികുറവ് പരിഹരിക്കുന്നതോടെപ്പം ആധുനിക നിലവാരത്തിലുള്ള മികച്ച റോഡ് നിർമ്മിക്കാനാണ് പദ്ധതി.

റോഡ് നിർമ്മാണത്തിനുള്ള ഭൂമി ഏറ്റെടുക്കുന്നതിനും, നിർമ്മാണത്തിനുമായി 72.84 കോടി രൂപയാണ് ആവശ്യമായിട്ടുള്ളത്. മന്ത്രി അഹമ്മദ് ദേവർ കോവിലിൻ്റെയും, കോഴിക്കോട് കോർപ്പറേഷൻ അധികൃതരുടെയും നിരന്തരമായ ഇടപെടലിനെ തുടർന്നാണ് മൂന്നു പതിറ്റാണ്ടായി മുടങ്ങിക്കിടന്ന ഈ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞത്. ഇതിനായി ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുന്നതിലേക്ക് 23 കോടി രൂപയുടെ ഭരണാനുമതിയാണ് ഇപ്പോൾ ലഭിച്ചത്. ഭൂമി ഏറ്റെടുക്കൽ പൂർത്തിയാകുന്ന മുറക്ക് നിർമ്മാണ പ്രവർത്തനം ആരംഭിക്കും. നേരത്തെ ഭൂമി ഏറ്റെടുക്കൽ നടപടിക്കായി കോഴിക്കോട് കോർപ്പറേഷൻ വിഹിതമായി 10.21കോടി രൂപ ചിലവഴിച്ചിരുന്നു.

കളനശീകരണത്തിന് കോണോ വീഡർ

വിതരണോദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു നിർവഹിച്ചു

പേരാമ്പ്ര ബ്ലോക്ക് കാർഷിക വിജ്ഞാനകേന്ദ്രത്തിന്റെയും, അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പേരാമ്പ്ര ബ്ലോക്കിലെ തെരഞ്ഞെടുക്കപ്പെട്ട പാടശേഖരസമിതികൾക്ക് നെൽകൃഷിയിലെ കളനശീകരണ ഉപകരണമായ കോണോ വീഡർ വിതരണം ചെയ്തു. വിതരണോദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പിബാബു നിർവഹിച്ചു.

നെൽകൃഷിയിൽ കളകൾ നീക്കം ചെയ്യാൻ കൈകൊണ്ട് അനായാസം പ്രവർത്തിപ്പിക്കാൻ കഴിയുന്ന ലളിതമായ ചെറുകിട ഉപകരണമാണ്
കോണോ വീഡർ. കളനശീകരണത്തിന് സമയലാഭവും, സാമ്പത്തിക ലാഭവും ഇതിനുണ്ട്. ഇതിന് രണ്ട് പൽ ചക്രങ്ങൾ ഉണ്ട്. ഒന്നു കളകൾ അറുത്തു മുറിച്ചിടുന്നതിനും രണ്ടാമത്തേത് ഉഴുതു ചേർക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്നു. കൂടാതെ, പാടത്തു വളർത്തുന്ന പച്ചില വളച്ചെടികൾ മണ്ണിൽ ഉഴുതു ചേർക്കുന്നതിനും ഉപയോഗിക്കാം. ഇതിന്റെ ഉപയോഗം മണ്ണിനുള്ളിലെ വായു സഞ്ചാരം കൂട്ടി വേരു വളർച്ച ത്വരിതപ്പെടുത്തും. നിവർന്നു നിന്നു കൊണ്ടു തന്നെ പ്രവർത്തിപ്പിക്കാമെന്നതിനാൽ എളുപ്പത്തിൽ ഉപയോഗിക്കാം.

ചടങ്ങിൽ കൃഷി അസിസ്റ്റൻറ് ഡയറക്ടർ ആർ ബിന്ദു അധ്യക്ഷത വഹിച്ചു. പ്രാദേശിക ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ.വി. ശ്രീറാം പദ്ധതി വിശദീകരിച്ചു. പാട ശേഖര സമിതി ഭാരവാഹികൾ പങ്കെടുത്തു.

എന്റെ കേരളം പ്രദർശന വിപണന മേള : സൈക്കിൾ റാലിയും ഫ്ലാഷ്മോബും നാളെ നടക്കും

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി 2023 മെയ് 12 മുതൽ 18 വരെ ബീച്ചിൽ നടത്തുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥം നാളെ (ഏപ്രിൽ 28 ) നഗരത്തിൽ സൈക്കിൾ റാലിയും ഫ്ലാഷ്മോബും സംഘടിപ്പിക്കുന്നു. സൈക്കിൾ റാലി വൈകീട്ട് 4.30 ന് സിഎസ്ഐ ഗ്രൗണ്ടിൽ തുടങ്ങി മാനാഞ്ചിറ ചുറ്റി ഓവർ ബ്രിഡ്ജ് വഴി ബീച്ചിൽ സമാപിക്കും. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഫ്ലാഗ് ഓഫ് ചെയ്യും. ലിന്റോ ജോസഫ് എം എൽ എ, ജില്ലാ കലക്ടർ എ ഗീത, ജില്ലാ വികസന കമ്മീഷണർ എം എസ് മാധവിക്കുട്ടി തുടങ്ങിയവർ സംബന്ധിക്കും. സൈക്കിൾ റാലിയിൽ ജില്ലയിലെ വിവിധ സൈക്കിൾ ക്ലബ്ബുകൾ പങ്കെടുക്കും. തുടർന്ന് കോളേജ് വിദ്യാർഥികൾ പങ്കെടുക്കുന്ന ഫ്ലാഷ് മോബ് ബീച്ചിൽ അരങ്ങേറും.