തിരുവാതിര ഞാറ്റുവേലയാണ്; നട്ടുപിടിപ്പിക്കാം കാര്‍ഷിക സംസ്‌ക്കാരത്തെ
പേരാമ്പ്ര: കേരളത്തിന്റെ കാര്‍ഷിക സംസ്‌കൃതിയില്‍ ഏറെ പ്രാധാന്യമുള്ള ഒരു സമയമാണ് തിരുവാതിര ഞാറ്റുവേലക്കാലം. ജൂണ്‍ 21 മുതല്‍ ജൂലൈ 5 വരെ ഈ വര്‍ഷത്തെ തിരുവാതിര ഞാറ്റുവേലയാണ്. വിത്തിറക്കിയും വളമിട്ടും തൈകള്‍ നട്ടും ആഘോഷമാക്കുന്ന കാലം. ഫലവൃക്ഷ തൈകളും, കാര്‍ഷികവിളകളും നടാനും മാറ്റി നടാനും അനുയോജ്യമായ സമയമായാണ് ഈ കാലത്തെ കണക്കാക്കുന്നത്.
തിരുവാതിരയില്‍ തിരി മുറിയാതെ എന്ന ചൊല്ല് ശ്രദ്ധേയമാണ്. ഞാറ്റുവേലയില്‍ ചെയ്യുന്ന മഴ മണ്ണിനും കൃഷിക്കും ഏറെ ഗുണകരമാണ് എന്ന് കരുതപ്പെടുന്നു. സമ്പന്നമായ മഴയും ഇടവെയിലും കാര്‍ഷികവൃത്തിയുടെ വേരുറപ്പിക്കുന്നു.
ഞാറ്റുവേല എന്നത് സൂര്യനും നക്ഷത്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞായറിന്റെ (സൂര്യന്റെ ) വേള (സമയം) യാണ് ഞാറ്റുവേലയായി പരിണമിച്ചത്. സൂര്യന്റെ സ്ഥാനം ഏത് നക്ഷത്രത്തിനടുത്താണോ ആ നക്ഷത്രത്തിന്റെ പേരിലാണ് ഞാറ്റുവേല അറിയപ്പെടുന്നത്. സൂര്യന്റെ സ്ഥാനം തിരുവാതിര നക്ഷത്രത്തിലാവുമ്പോഴാണ് തിരുവാതിര ഞാറ്റുവേല. ഓരോ ഞാറ്റുവേലയിലും നടേണ്ട ചെടികളെ പറ്റി കൃത്യമായ ധാരണയും അറിവും പഴമക്കാര്‍ വെച്ചുപുലര്‍ത്തിയിരുന്നു. മറ്റ് ഞാറ്റുവേലകളെ അപേക്ഷിച്ച് തിരുവാതിര ഞാറ്റുവേലയ്ക്ക് ദൈര്‍ഘ്യകൂടുതലുണ്ട്. പതിനഞ്ച് ദിവസമാണ് ഇത് കണക്കാക്കുന്നത്.
കേരളപ്പെരുമ പുറം ലോകത്തെത്തിച്ച കുരുമുളക് ചെടി (വള്ളി ) നടാന്‍ ഏറെ അനുയോജ്യമായ സമയം തിരുവാതിര ഞാറ്റുവേലക്കാലമാണ്. പോര്‍ച്ചുഗീസുകാര്‍ കപ്പല്‍ നിറയെ കുരുമുളകും ചെടിയും കൊണ്ടുപോയ സാഹചര്യത്തില്‍ ആളുകള്‍ ആശങ്ക ഉയര്‍ത്തിയപ്പോള്‍ ‘അവര്‍ക്ക് നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ടുപോവാന്‍ കഴിയില്ലല്ലോ’ എന്ന സാമൂതിരിയുടെ മറുപടി ഞാറ്റുവേലയുടെ പ്രാധാന്യത്തെ കാണിക്കുന്നു.
കാര്‍ഷിക നന്‍മയുടെ മഹിമ വിളിച്ചോതുന്ന പരിപാടികളും കാര്‍ഷിക ചന്തകളും കഴിഞ്ഞ കുറച്ചു കാലമായി പലയിടങ്ങളിലും നടത്താറുണ്ട്. കോവിഡും , അടച്ചുപൂട്ടലും തീര്‍ത്ത വിരസതയില്‍ തിരക്കൊഴിഞ്ഞ ഈ കാലത്ത് നട്ടുപിടിപ്പിക്കാം കൈവിട്ടു തുടങ്ങിയ കാര്‍ഷിക സംസ്‌ക്കാരത്തെ.