തിരികെ സ്‌കൂളിലേക്ക്; ഒന്നര വർഷത്തിനു ശേഷം സ്കൂളുകള്‍ ഇന്ന് തുറക്കുന്നു


കോഴിക്കോട്: ഒന്നരെ വർഷത്തെ തുടർച്ചയായ അടച്ചിടലിനു ശേഷം കേരളപ്പിറവി ദിനത്തിൽ വിദ്യാലയങ്ങൾ വീണ്ടും ഉണരുകയാണ്. അവിടെ കരുതലിന്റെ പുതിയ പാഠങ്ങൾക്കൂടി അവിടെയിനി വിദ്യാർഥികൾക്ക് പഠിക്കേണ്ടിയിരിക്കുന്നു. കാത്തിരിപ്പിന്റെ വിരസനാളുകൾ തീർന്ന സന്തോഷത്തിലെത്തുന്ന കുരുന്നുകൾക്ക് പുത്തൻ അനുഭവം പകരാൻ സജ്ജമായിക്കഴിഞ്ഞു.

എല്ലാ സ്കൂളുകളും. അക്ഷരമരവും വർണഭംഗിയുള്ള ചിത്രച്ചുമരുകളും കളിമുറ്റങ്ങളും തോരണങ്ങളും ഒക്കെയുണ്ട്. അധ്യാപകരും രക്ഷിതാക്കളും സന്നദ്ധസംഘടനകളും ചേർന്നാണ് ക്ലാസ്മുറികളും വിദ്യാലയങ്ങളുടെ പരിസരവും വൃത്തിയാക്കിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഇരിപ്പിടങ്ങൾ സജ്ജീകരിച്ചും ഷിഫ്റ്റുകൾ ഏർപ്പെടുത്തിയുമാണ് ക്ലാസുകൾ നടത്തുക.

അധ്യാപകർക്കും വിദ്യാർഥികൾക്കുമായി വിശദമായ മാർഗനിർദേശങ്ങളുണ്ട്. അധ്യാപകർക്കുള്ള പരിശീലനങ്ങളും പൂർത്തിയായി. കോവിഡ് അനുയോജ്യ പെരുമാറ്റരീതികൾ വിവരിക്കുന്ന ബോർഡുകൾ, പോസ്റ്ററുകൾ എന്നിവ അധ്യാപകരുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. കുടിവെള്ളം ലഭ്യമാകുന്ന സ്ഥലം, കൈ കഴുകുന്ന സ്ഥലം, ശുചിമുറി തുടങ്ങിയിടങ്ങളിൽ നിശ്ചിത അകലത്തിൽ അടയാളപ്പെടുത്തലുകളും ഉണ്ട്.

ആദ്യ രണ്ടാഴ്ച ഉച്ചവരെയാണ് ക്ലാസുകൾ. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകൾ പ്രവൃത്തിദിവസമാണ്. 1000 കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ ആകെ കുട്ടികളുടെ 25 ശതമാനംമാത്രം ഒരുസമയത്ത് സ്കൂളിൽവരുന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളെ ബാച്ചുകളായി തിരിച്ചാണ് ക്ലാസുകൾ നടക്കുക. ഓരോ ബാച്ചിനും തുടർച്ചയായി മൂന്നുദിവസം സ്കൂളിൽ വരാം. അടുത്തബാച്ച് അടുത്ത മൂന്നു ദിവസം സ്കൂളിലേക്കെത്തും.

ഭിന്നശേഷിയുള്ള കുട്ടികൾ ആദ്യഘട്ടത്തിൽ വരേണ്ട. കുട്ടികൾക്കൊപ്പമെത്തുന്ന രക്ഷിതാക്കൾ സ്കൂളിൽ പ്രവേശിക്കാതിരിക്കുന്നതിനും കൂട്ടം കൂടാതിരിക്കുന്നതിനുമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. അസുഖമുള്ള കുട്ടികളും രോഗികളുമായി സമ്പർക്കമുള്ള കുട്ടികളും സ്കൂളിൽ വരേണ്ട. രോഗലക്ഷണം, പ്രാഥമികസമ്പർക്കം, പ്രാദേശികനിയന്ത്രണം എന്നിവയുള്ള സ്ഥലങ്ങളിൽനിന്നുള്ള കുട്ടികളും ജീവനക്കാരും സ്കൂളിൽ ഹാജരാകേണ്ടതില്ല. രണ്ടുഡോസ് കോവിഡ് വാക്സിൻ എടുക്കാത്തവർക്കും സ്കൂളിൽ പ്രവേശനമില്ല.