തിക്കോടി ആവിപ്പാലം തുറന്നുകൊടുത്തു


തിക്കോടി: വർഷങ്ങളായുള്ള കാത്തിരിപ്പിനുശേഷം തിക്കോടി ആവിപ്പാലം യാഥാർഥ്യമായി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഔദ്യോഗികമായ ചടങ്ങുകളൊന്നുമില്ലാതെ ശനിയാഴ്ച നാട്ടുകാർ യാത്രയ്ക്കായി പാലം തുറന്നുകൊടുക്കുകയായിരുന്നു. ഇതോടെ നാട്ടുകാരുടെ ചിരകാലസ്വപ്നമാണ് പൂവണിഞ്ഞത്.

1995-ൽ എം.ടി. പത്മയുടെ അധ്യക്ഷതയിൽ അന്നത്തെ പൊതുമരാമത്ത് വകുപ്പുമന്ത്രി പി.കെ.കെ.ബാവയാണ് പാലത്തിന് തറക്കല്ലിട്ടത്. അഞ്ചുവർഷം മുടങ്ങിക്കിടന്ന പാലത്തിന്റെ പണി പി.വിശ്വൻ എം.എൽ.എ. ആയപ്പോൾ പുനരാരംഭിച്ചു.

പാലം പണികഴിഞ്ഞപ്പോൾ അപ്രോച്ച് റോഡ് പണി നടക്കുന്ന സമയത്ത് പാലത്തിനായി 12 സെൻറ് സ്ഥലം വിട്ടുകൊടുത്ത സ്വകാര്യവ്യക്തി കൂടുതൽ സ്ഥലം വിട്ടുകൊടുക്കാനുള്ള പ്രയാസം അറിയിച്ചു. തർക്കവും കേസുമായപ്പോൾ വർഷങ്ങളോളം അപ്രോച്ച് റോഡ് പണി തടസ്സപ്പെട്ടു.

പാലം റോഡ് യാഥാർഥ്യമാക്കുന്നതിന് കെ. ദാസൻ എം.എൽ.എ., പഞ്ചായത്ത് ഭരണസമിതി, ജനപ്രതിനിധികൾ, രാഷ്ടീയപ്പാർട്ടി പ്രവർത്തകർ എന്നിവർ ഇടപെട്ടു. അവസാനം തിക്കോടി വികസനസമിതി ഇടപെട്ട് സ്ഥലമുടമയ്ക്ക് സാമ്പത്തികസഹായം നൽകിയതോടെയാണ് പ്രശ്നം പരിഹരിച്ചത്.

എം.എൽ.എ.യുടെ ഇടപെടലിനെ തുടർന്ന് ഹാർബർ എൻജിനിയിങ് വകുപ്പ് അപ്രോച്ച് റോഡിന് 88 ലക്ഷം രൂപ അനുവദിച്ചു. റോഡിന്റെ പ്രവൃത്തിക്കാവശ്യമായ പ്രാദേശികസഹായത്തിന് ആവിക്കൽക്കൂട്ടായ്മയും രംഗത്തുണ്ടായിരുന്നു.