താമരശ്ശേരിയിലെ നോളജ് സിറ്റിയില്‍ അപകടത്തില്‍പ്പെട്ട കെട്ടിടം നിര്‍മ്മിച്ചത് അനുമതിയില്ലാതെ; അപകടത്തിനിടയാക്കിയത് തൂണ് തെന്നിമാറിയതാണെന്ന് പ്രാഥമിക നിഗമനം
ത്മരശ്ശേരി: താമരശ്ശേരി നോളജ് സിറ്റിയില്‍ അപകടത്തിനിടയാക്കിയ കെട്ടിടം നിര്‍മ്മിച്ചത് അനുമിയില്ലാതെ. ഇന്ന് രാവിലെ 11.30ഓടെ താമരശ്ശേരി നോളജ് സിറ്റിയില്‍ നിര്‍മാണത്തിലിരുന്ന ബഹുനില കെട്ടിടം തകര്‍ന്നു വീണത്. നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീഴാനിടയായത് തൂണ് തെന്നിമാറിയതാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്.
അപകടത്തില്‍ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു സ്ത്രീയടക്കം രണ്ടുപേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കെട്ടിടത്തില്‍ ജോലി ചെയ്തു കൊണ്ടിരുന്ന നിര്‍മാണത്തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്.
പ്രാഥമികമായി കെട്ടിടത്തിന് അനുമതിയില്ലെന്നാണ് വിവരമെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി പറഞ്ഞു. കെട്ടിട നിര്‍മ്മാണത്തിന് വേണ്ടി അപേക്ഷ ലഭിച്ചിരുന്നെങ്കിലും പരിശോധന നടത്തി അനുമതി നല്കുന്ന നടപടി പൂര്‍ത്തിയായിരുന്നില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്.
അതേസമയം, കെട്ടിടത്തിന്റെ നിര്‍മാണം അനുമതിയോടെ തന്നെയാണെന്നും മര്‍കസ് അധികൃതര്‍ അറിയിച്ചു. കോണ്‍ക്രീറ്റ് താങ്ങിയ തൂണുകള്‍ തെന്നിയതാണ് അപകടകാരണമായതെന്നാണ് വിലയിരുത്തലെന്ന് മര്‍കസ് നോളജ് സിറ്റി സിഇഒ അബ്ദുല്‍ സലാം പറഞ്ഞു. ആരുടെയും നില ഗുരുതരമല്ലെന്നാണ് കിട്ടിയ വിവരമെന്നും അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്റേതാണ് കെട്ടിടം. പള്ളിയും ലോ കോളേജുമടക്കം നിരവധി കെട്ടിടങ്ങളുള്ള സ്ഥലത്താണ് അപകടം ഉണ്ടായിരിക്കുന്നത്. സ്വകാര്യ സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണത്തിനിടയിലാണ് അപകടമുണ്ടായത്. ഇതിന്റെ ഒന്നാം നിലയുടെ കോണ്‍ക്രീറ്റ് നടക്കുകയായിരുന്നു. കെട്ടിടത്തിന്റെ തകര്‍ന്നുവീണ ഭാഗങ്ങള്‍ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്.