താമരശ്ശേരി മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്ത്; കോടഞ്ചേരി സ്‌റ്റേഷനിലെ പൊലീസുകാരന് സസ്‌പെന്‍ഷന്‍


താമരശ്ശേരി: മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ റിജിലേഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

താമരശ്ശേരി മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കൊപ്പം റിജിലേഷ് നില്‍ക്കുന്ന ചിത്രം നേരത്തേ പുറത്ത് വന്നിരുന്നു. ഇതോടെ ഇയാള്‍ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയമുയര്‍ന്നു. തുടര്‍ന്നാണ് നടപടിയെടുത്തത്.

മയക്കുമരുന്ന് സംഘം ക്യാമ്പ് ചെയ്ത പ്രദേശത്തെ സ്ഥലമുടമ അയൂബും എം.ഡി.എം.എ കേസുമായി ബന്ധപ്പെട്ട് പിടിയിലായ അതുല്‍ എന്ന പ്രതിയോടൊപ്പവും റിജിലേഷ് നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. തുടര്‍ന്ന് റൂറല്‍ എസ്.പിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഇയാളെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

താമരശ്ശേരി അമ്പലമുക്കില്‍ ലഹരിസംഘങ്ങള്‍ അക്രമം അഴിച്ചുവിടുന്നെന്ന വാര്‍ത്ത ദിവസങ്ങള്‍ക്ക് മുമ്പ് പുറത്ത് വന്നിരുന്നു. ഈ സംഘം മാരകായുധങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്നും വീടിന് സുരക്ഷക്കായി റോട്ട്‍വീലര്‍ നായകളെ വളര്‍ത്തുന്നുണ്ടെന്നുമാണ് നാട്ടുകാരുടെ ആരോപണം.