താമരശ്ശേരി ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിരോധനം


താമരശ്ശേരി: വയനാട് താമരശ്ശേരി ചുരത്തിൽ മാർച്ച് അഞ്ചുവരെ വലിയ വാഹനങ്ങൾ പ്രവേശിക്കുന്നത് പൂർണമായും നിരോധിച്ച് കോഴിക്കോട് കളക്ടർ ഉത്തരവിറക്കി. 15 ടണ്ണിൽ കൂടുതൽ ഭാരമുള്ള ചരക്കുവാഹനങ്ങൾക്കും സ്കാനിയ ബസുകൾക്കുമാണ് പൂർണ നിരോധനം ഏർപ്പെടുത്തിയത്.

ചുരം റോഡിൽ തകരപ്പാടിക്കും ഒൻപതാം വളവിനുമിടയിൽ സംരക്ഷണഭിത്തി നിർമ്മിക്കുന്ന സ്ഥലത്ത് ടാറിങ്ങിന്റെ അടിഭാഗത്തെ മണ്ണ് ഇടിഞ്ഞ് താഴ്ന്ന് അപകടാവസ്ഥയിലായിരുന്നു. അപകടസാധ്യത കണക്കിലെടുത്താണ് ചുരത്തിൽ വലിയ വാഹനങ്ങൾക്ക് പൂർണ നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചത്. റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി നേരത്തേ രാത്രി 10 വരെയായിരുന്നു വലിയ വാഹനങ്ങൾക്കു നിരോധനം.‌