താമര കമ്യൂണിസ്റ്റുകാർ പറിച്ചെടുത്തു; നേമത്ത് വി ശിവൻ കുട്ടി ചെങ്കൊടി നാട്ടി, ബിജെപി മുക്ത കേരളം


നേമം: നേമം നിയമസഭാ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി ജയിച്ചു. 5750 വോട്ടുകൾക്കാണ് ശിവൻകുട്ടി നേമം മണ്ഡലം പിടിച്ചെടുത്തത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒ രാജഗോപാലിലൂടെ ബിജെപി അക്കൗണ്ട് തുറന്ന മണ്ഡലമായിരുന്നു നേമം.

കുമ്മനം രാജശേഖരനെ തോൽപ്പിച്ചാണ് ശിവൻകുട്ടി ബി ജെ പി മുക്ത കേരളത്തിന് അടിത്തറ പാകിയത്.ഇതോടെ കേരളത്തിൽ ബിജെപിക്കുണ്ടായിരുന്ന ഏക സീറ്റും നഷ്ടമായി.

വോട്ട് എണ്ണിത്തുടങ്ങിയതിന് ശേഷം ആദ്യ എട്ട് റൗണ്ട് വരെയും കുമ്മനം രാജശേഖരനായിരുന്നു മുന്നിൽ. എന്നാൽ ഒമ്പതാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 2500 വോട്ടുകൾക്ക് ശിവൻകുട്ടി ലീഡ് ചെയ്ത് മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു.

നേമത്ത് രണ്ടാം സ്ഥാനത്ത് ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനും മൂന്നാം സ്ഥാനത്ത് കെ മുരളീധരനുമാണ്.വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ നേമം ഉൾപ്പെടെ മൂന്ന് മണ്ഡലങ്ങളിൽ ബിജെപി ലീഡ് ചെയ്തിരുന്നു എന്നാൽ വോട്ടെണ്ണൽ അവസാനഘട്ടത്തിൽ എത്തിയപ്പോൾ സിറ്റിംഗ് സീറ്റും ബി ജെ പി ക്ക് നഷ്ടപ്പെടുകയായിരുന്നു.