തലശ്ശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് നേരെ ക്രൂരമര്‍ദ്ദനം; ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സഹപാഠികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്


തലശ്ശേരി: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. തലശ്ശേരിയിലെ ബി.ഇ.എം.പി. സ്കൂൾ പ്ലസ്‌വൺ വിദ്യാർഥി ഷാമിൽ ലത്തീഫിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയി മർദിച്ച സംഭവത്തില്‍ പതിനൊന്ന് സഹപാഠികൾക്കെതിരെയാണ് തലശ്ശേരി പൊലീസ് കേസെടുത്തത്. മർദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കാൻ തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് നടപടി.

ധർമടം ഒഴയിൽഭാഗത്ത് താമസിക്കുന്ന ഷാമിലിനെ ചിറക്കരയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിലെത്തിച്ചായിരുന്നു മർദ്ദനം. അടിക്കുന്നതിനിടയിൽ തലയ്ക്ക് അടിക്കല്ലേ എന്നൊക്കെ കൂട്ടത്തിലുള്ളവർ പറയുന്നതായി വീഡിയോയില്‍ കാണാം. മർദിച്ചവരുടെ കൂട്ടത്തിലുള്ളവര്‍ തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്.

അക്രമത്തിന് കാരണം മറ്റൊരു വിദ്യാർഥിയെക്കുറിച്ച് അധ്യാപികയോട് പരാതി പറഞ്ഞതാണെന്നാണ് പൊലീസ് നിഗമനം. സംഭവം നടന്ന് രണ്ടുദിവസം പിന്നിട്ടിട്ടും പരാതി നൽകാൻ വിദ്യാർഥിയുടെ കുടുംബം തയ്യാറായിരുന്നില്ല. ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പൊലീസ് വെള്ളിയാഴ്ച വിദ്യാർഥിയുടെ മൊഴിയെടുത്തത്.