തലയെടുപ്പുമായി കൊമ്പൻമാർ വീണ്ടുമെത്തും; ജില്ലയിലെ ക്ഷേത്ര ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കാന്‍ അനുമതി


കോഴിക്കോട്: ജില്ലയിലെ ക്ഷേത്ര ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കാന്‍ അനുമതിയായി. ഉത്സവങ്ങള്‍ പൂര്‍ണ്ണമായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വേണം നടത്തണമെന്നും തീരുമാനമായി. ഉത്സവങ്ങളെ സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവലോകന യോഗത്തിലാണ് തീരുമാനം.

ആനകളെ എഴുന്നള്ളിക്കുന്ന ക്ഷേത്രങ്ങള്‍ 2015 ല്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരം ഫോറസ്റ്റ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമായിരുന്നു. അന്ന് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരുന്ന ക്ഷേത്ര കമ്മിറ്റി ഉള്‍പ്പെടെയുള്ളവര്‍ക്ക് 2019 ല്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യാന്‍ അവസരം നല്‍കിയിരുന്നു. ഇങ്ങനെ വന്ന അപേക്ഷകള്‍ സ്വീകരിച്ച് രജിസ്‌ട്രേഷന്‍ നല്‍കിയ ക്ഷേത്ര കമ്മിറ്റികളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധി കാരണം സാമ്പത്തികമായി ബുദ്ധിമുട്ടിലായ വാദ്യ, തിറയാട്ട, കച്ചവട മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് പുതിയ തീരുമാനങ്ങള്‍.

അവലോകന യോഗത്തില്‍ എ.സി.എഫ് കെ. ജോഷില്‍, കോഴിക്കോട് റേഞ്ച് ഓഫീസര്‍ ടി. പത്മനാഭന്‍, ആന മുതലാളി സംഘടനാ പ്രതിനിധി രസ്ജിത്ത് ശ്രീലകത്ത്, ആന തൊഴിലാളി സംഘടനാ പ്രതിനിധി സി. രാജേഷ്, ഫെസ്റ്റിവെല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നവജ്യോത് പയ്യാനക്കല്‍, പി. വിഷ്ണു കൃഷ്ണരഥം എന്നിവര്‍ സംസാരിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.