ചങ്ങരോത്ത് പഞ്ചായത്തിലെ തരിശു നിലങ്ങള്‍ ഇനി കതിരണിയും; ‘നിറവ്, കതിരണി’ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് കൃഷി മന്ത്രി പി.പ്രസാദ്
പേരാമ്പ്ര: കാലങ്ങളായി തരിശായിക്കിടന്ന ചങ്ങരോത്ത് പഞ്ചായത്തിലെ 432 ഏക്കര്‍ പാടശേഖരം ഇനി കതിരണിയും. ജില്ലാപഞ്ചായത്ത് സംസ്ഥാന യന്ത്രവത്കരണ മിഷനുമായി ചേര്‍ന്ന് നടത്തുന്ന ‘കതിരണി’ പദ്ധതിയിലും ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിന്റെ ‘നിറവ്’ പദ്ധതിയിലും ഉള്‍പ്പെടുത്തിയാണ് പാടശേഖരങ്ങളില്‍ കൃഷിയോഗ്യമാക്കുന്നത്.
പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനവും മിഷന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന പുതിയ യന്ത്രത്തിന്റെ ഉദ്ഘാടനവും ചങ്ങരോത്ത് കൂടലോട്ട് വയലില്‍ കൃഷിമന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷിജശശി അധ്യക്ഷ വഹിച്ചു. ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി സ്വാഗതവും നിറവ് സംഘാടക സമിതി കണ്‍വീനര്‍ പി.സി സന്തോഷ് നന്ദിയും പറഞ്ഞു.
യന്ത്രവല്‍ക്കരണം മിഷന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണം അവതരിപ്പിച്ച് ഡോ. യു.ജയകുമാരന്‍ (സി.ഇ.ഒ, കെ,എസ്.എ.എം.എം)
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു മുഖ്യാതിഥിയായിരുന്നു. ഷേര്‍ളി എം.എഫ് (ജില്ലാ കൃഷി ഓഫീസര്‍), ജിജിഷ പി.കെ (കൃഷി ഓഫീസര്‍ ചങ്ങരോത്ത്) എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കൃഷിയിറക്കാന്‍ സംഘങ്ങളും
750 ഏക്കര്‍ പാടശേഖരമുള്ള പഞ്ചായത്താണ് ചങ്ങരോത്ത്. പല കാരണങ്ങളാല്‍ 300 ഏക്കറോളം സ്ഥലത്ത് മാത്രമാണ് നെല്‍ക്കൃഷി നടക്കുന്നത്. കൂടലോട്ട്, കുളക്കണ്ടം, ചങ്ങരോത്ത്, കൂനിയോട്, കടിയങ്ങാട് തുടങ്ങിയമേഖലയില്‍ 20 വര്‍ഷത്തോളമായി കൃഷി ചെയ്യാതെ കിടക്കുന്ന പാടശേഖരങ്ങളുണ്ട്. കൂടലോട്ട് പാടത്ത് മാത്രം 150 ഏക്കര്‍സ്ഥലത്ത് കൃഷിയിറക്കും.
കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കി കര്‍ഷകര്‍, കര്‍ഷക സ്വയംസഹായസംഘങ്ങള്‍, കുടുംബശ്രീ, യുവജന സംഘടനകള്‍, സാംസ്‌കാരിക കൂട്ടായ്മകള്‍ എന്നിവരുടേയെല്ലാം പങ്കാളാത്തത്തോടെയാണ് നെല്‍ക്കൃഷിയിറക്കാന്‍ ശ്രമം നടത്തിയത്. കൃഷിയിറക്കാന്‍ ബുദ്ധിമുട്ടുള്ള കര്‍ഷകരുടെ ഭൂമി കണ്ടെത്തി താത്പര്യമുള്ള സംഘങ്ങള്‍ക്കും വ്യക്തികള്‍ക്കും കൈമാറി കൃഷി ചെയ്യുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലാളികളുടെ സേവനവും കൃഷിയിടങ്ങള്‍ നിലമൊരുക്കാനായി ലഭ്യമാക്കും. വിത്തും നടീല്‍ വസ്തുക്കളും കുമ്മായവും വളവും നല്‍കും.
കതിരണിപദ്ധതിയില്‍ 40 ലക്ഷം
ജില്ലാപഞ്ചായത്ത് കതിരണിപദ്ധതിയില്‍ തരിശ് നിലങ്ങള്‍ കൃഷിയോഗ്യമാക്കാനായി 40 ലക്ഷംരൂപ നീക്കിവെച്ചിട്ടുണ്ട്. ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് വകയിരുത്തിയ 26 ലക്ഷംരൂപയും കൃഷിക്കായി ലഭിക്കും. നിലമൊരുക്കുന്ന പ്രവൃത്തികള്‍ക്കായി 2.20 കോടിയും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തോടുകള്‍ ഒഴുക്കുള്ളതാക്കിമാറ്റാന്‍ 30 ലക്ഷംരൂപയുടെ പ്രവൃത്തിയും നടക്കും.
തരിശ് ഭൂമി കൃഷിയോഗ്യമാക്കാനായി കൃഷിവകുപ്പിന്റെ ഫണ്ടും വിനിയോഗിക്കും. ട്രാക്ടര്‍ ഉള്‍പ്പെടെയുള്ള കൃഷിയന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്ത പാടശേഖരത്തില്‍ സംസ്ഥാന കാര്‍ഷിക യന്ത്രവത്കരണമിഷന്‍ നേതൃത്വത്തില്‍ തയ്യാറാക്കിയ പ്രത്യേക യന്ത്രങ്ങളാണ് ഉപയോഗിക്കുക.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി ശിവാനന്ദന്‍, വി.പി ജമീല (ചെയര്‍പേഴ്‌സണ്‍, വികസന വികസനകാര്യ സ്ഥിരം സമിതി ജില്ലാ പഞ്ചായത്ത)്, സി.എം ബാബു (ജില്ലാ പഞ്ചായത്ത് മെമ്പര്‍), ചങ്ങരോത്ത് പഞ്ചായത്ത് മെമ്പര്‍മാരായ ടി.പി റീന (വൈസ് പ്രസിഡണ്ട്), എം അരവിന്ദാക്ഷന്‍ (ചെയര്‍മാന്‍ വികസനകാര്യ സ്ഥിരം സമിതി), ടി.കെ ശൈലജ (ചെയര്‍പേഴ്‌സണ്‍ ക്ഷേമകാര്യ സ്ഥിരംസമിതി), പാളയാട്ട് ബഷീര്‍ (ചെയര്‍മാന്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി), കെ.ടി മൊയ്തീന്‍, ഇ.ടി സരീഷ്, അബ്ദുള്ള സല്‍മാന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കെ വിനോദന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീര്‍, ഷീബ കെ.എസ് (പ്രോജക്ട് ഡയറക്ടര്‍ എടിഎംഎ), ബിന്ദു ആര്‍, കെ.കൃഷ്ണകുമാര്‍, കെ.വി കുഞ്ഞിക്കണ്ണന്‍, കെ.ശ്രീധരന്‍ മാസ്റ്റര്‍, എസ്.പി കുഞ്ഞമ്മദ് മാസ്റ്റര്‍, പ്രകാശന്‍ മാണിക്കാംകണ്ടി, ഒ.ടി രാജന്‍ മാസ്റ്റര്‍ പ്രകാശന്‍ മുതുവണ്ണാച്ച തുടങ്ങിയവര്‍ സംസാരിച്ചു.