തന്നെവെച്ച് ബി.ജെ.പി മാര്‍ക്കറ്റിങ് നടത്തി; ശ്രീധരന്‍ പിള്ളയുടെ പ്രൈവറ്റ് സെക്രട്ടറി അവഹേളിച്ച് വേദിയില്‍ നിന്നും ഇറക്കിവിട്ടു; ഗുരുതര ആരോപണങ്ങളുമായി താഹ ബാഫഖി തങ്ങള്‍


കോഴിക്കോട്: തന്നെവെച്ച് ബി.ജെ.പി മാര്‍ക്കറ്റിങ് നടത്തിയെന്ന ആരോപണവുമായി ബി.ജെ.പിയില്‍ നിന്നും രാജിവെച്ച താഹ ബാഫഖി തങ്ങള്‍. അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ പേരക്കുട്ടിയെന്ന മാര്‍ക്കറ്റിങ്ങാണ് തന്നെ ഉപയോഗിച്ച് അവര്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനല്‍ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹം ബി.ജെ.പിയിലുള്ള കാലത്ത് നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞത്.

അദ്ദേഹത്തിന്റെ വാക്കുകളിലൂടെ:

‘ ഇവര്‍ ഒരു മാര്‍ക്കറ്റിങ് സ്ട്രാറ്റജിവെച്ചാണ് മുസ്‌ലീങ്ങളെ തേടിപ്പിടിക്കുന്നത്. മുസ്‌ലിം സമുദായത്തിന് എത്രത്തോളം കാര്യങ്ങള്‍ ചെയ്യണമെന്ന് ഇവര്‍ക്കില്ല. ഇവര്‍ക്ക് മനുഷ്യരല്ല വലുത് മതമാണ്. വര്‍ഗീയത് സൃഷ്ടിച്ചുകൊണ്ട്, മുസല്‍മാന് ഒരു നീതിയും ലഭിക്കാത്ത തരത്തിലുള്ള നേതൃത്വമാണ് ഇപ്പോഴുള്ളത്. ഞാന്‍ സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെ പേരക്കുട്ടിയാണ്. ആ ഒരു മാര്‍ക്കറ്റിങ്ങാണ് അവരുണ്ടാക്കിയത്. എനിക്ക് അന്ന് അതിനെക്കുറിച്ച് മനസിലായില്ല. ഞാനൊരു രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നില്ല. എന്നോടു പറഞ്ഞത് നിങ്ങളെപ്പോലുള്ള ആള്‍ക്കാരൊക്കെ ബി.ജെ.പിയില്‍ വരണം. മുസ്‌ലിം സമുദായത്തിന് ഗുണം ചെയ്യണമെങ്കില്‍ നിങ്ങളെപ്പോലുള്ളവരുണ്ടാകണം. ആ ഒരു ആഴ്ച ടെലിവിഷന്‍ മാധ്യമങ്ങളില്‍ക്കൂടിയുള്ള മാര്‍ക്കറ്റിങ് ആണ് ഇവര്‍ ഉദ്ദേശിച്ചിരുന്നത്.

എന്റെ പിതാവ് ഓഫീസില്‍ പാര്‍ട്ടിക്കുവേണ്ടി എന്റെ സ്വന്തം ചെലവില്‍ കാര്യങ്ങളെല്ലാം ചെയ്തുകൊടുത്തിട്ട് അതിനുപോലും ഒരു അംഗീകാരം നല്‍കാത്ത പാര്‍ട്ടിയാണ് ബി.ജെ.പി. അവര്‍ക്ക് മറ്റുപലതുമാണ് ലക്ഷ്യം. അതുകൊണ്ട് ഇത്തരത്തിലൊരു പാര്‍ട്ടിയില്‍ തുടര്‍ന്നുപോകാന്‍ ആഗ്രഹമില്ല.

ഞാന്‍ ബി.ജെ.പിക്ക് എതിരായി ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ല. പക്ഷേ, ശ്രീധരന്‍പിള്ള ഗവര്‍ണറായിരുന്ന സമയത്ത് അളകാപുരിയില്‍ നടന്ന ഒരു പരിപാടിയില്‍ ബി.ജെ.പിയിലുള്ള ഒരു നേതാവ് എന്നെയും എന്റെ സമുദായത്തെയും അവഹേളിച്ചിരുന്നു. അതിന് ഞാന്‍ സംസ്ഥാന പ്രസിഡന്റിനും ദേശീയാധ്യക്ഷനും പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായില്ല.

അവര്‍ക്ക് മുസ്‌ലിം ഇവിടെ ജീവിക്കേണ്ട എന്നാണ്. ഇന്ത്യയില്‍ മുസ്‌ലിം സമുദായം വേണ്ടയെന്നാണ്. അത് കേരളത്തില്‍ നടക്കുമെന്ന് തോന്നുന്നില്ല. അത്തരത്തിലുള്ള ഒരുപാട് മോശമായ അനുഭവങ്ങള്‍ ബി.ജെ.പിയില്‍ നിന്നുണ്ടായിട്ടുണ്ട്. എങ്ങനെ മുസ്‌ലിം സമുദായത്തെ എതിര്‍ക്കാം, എങ്ങനെ ഇല്ലാതാക്കാം എന്നാണ് അവര്‍ ആലോചിക്കുന്നത്.

ശ്രീധരന്‍പിള്ള പങ്കെടുത്ത കോഴിക്കോട് അളകാപുരിയില്‍ നടന്ന പരിപാടി അവസാനിച്ചപ്പോള്‍ ഡയസില്‍ അദ്ദേഹത്തെ പരിചയപ്പെടാനായി പോയിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നയാള്‍ വളരെ മോശമായി പെരുമാറി. ‘നീ മുസ്‌ലീമല്ലേടാ, എന്നു പറഞ്ഞ് സ്റ്റേജില്‍ നിന്ന് തള്ളി. അതിനുശേഷം ശ്രീധരന്‍പിള്ളയെ കണ്ടിരുന്നു. അദ്ദേഹം ആ പ്രവര്‍ത്തകനെ ശാസിച്ചു. പക്ഷേ അതിനുശേഷം അബ്ദക്കുട്ടി ഒരു വ്യക്തി നിങ്ങള്‍ക്ക് ലീഗില്‍ പോകുന്നതാണ് നല്ലത്, കുഞ്ഞാലിക്കുട്ടി നിങ്ങള്‍ക്ക് എന്തെങ്കിലും തരും, ഇതില്‍ നിന്ന് ഒഴിഞ്ഞു തന്നേക്കൂ എന്ന് പറഞ്ഞു. ഇതാണോ ബി.ജെ.പിയുടെ പാരമ്പര്യം? ആ ഒരു അനുഭവത്തിന്റെ ഷോക്ക് എന്റെ മനസില്‍ നിന്ന് പോയിട്ടില്ല.