ഡ്രോണുകള്‍ക്ക് തിരിച്ചറിയല്‍ നമ്പറും, ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും: പുതിയ വ്യവസ്ഥകൾ വിശദമായി നോക്കാം


ന്യൂഡല്‍ഹി: ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് കര്‍ശന വ്യവസ്ഥകളുമായി കേന്ദ്രസര്‍ക്കാര്‍ പുതിയ ചട്ടങ്ങള്‍ പുറത്തിറക്കി. ഇതു പ്രകാരം ഡ്രോണുകള്‍ക്ക് പ്രത്യേക നമ്പറും രജിസ്‌ട്രേഷനും ആവശ്യമാണ്. ഡ്രോണുകളുടെ ഉപയോഗം, വില്‍പന, വാങ്ങല്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണ് ചട്ടങ്ങള്‍.

ഡ്രോണുകള്‍ക്ക് തിരിച്ചറിയല്‍ നമ്പറും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ഏര്‍പ്പെടുത്തുന്നത് നിര്‍ബന്ധമാക്കി. ഇനിമുതല്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്ത ഡ്രോണുകള്‍ ഉപയോഗിക്കരുതെന്നാണ് ചട്ടത്തില്‍ പറയുന്നത്. മേഖലകള്‍ തിരിച്ചുള്ള ഡ്രോണ്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ചട്ടത്തില്‍ പറയുന്നു. ഡ്രോണുകള്‍ വാടകയ്ക്ക് നല്‍കുമ്പോഴും ഈ വ്യവസ്ഥകള്‍ കര്‍ശനമായിരിക്കുമെന്നും ചട്ടത്തില്‍ പറയുന്നു.

ഡ്രോണ്‍ നിയമങ്ങള്‍ 2021 ലെ 30 പ്രധാന സവിശേഷതകള്‍:

1. വിശ്വാസം, സ്വയം സാക്ഷ്യപ്പെടുത്തല്‍, അനാവശ്യ ഇടപെടല്‍ ഇല്ലാത്ത നിരീക്ഷണം എന്നിവയുടെ അടിസ്ഥാനത്തിലാണ് രൂപീകരിച്ചിരിക്കുന്നത്.

2. സുരക്ഷ, സംരക്ഷണ പരിഗണനകള്‍ സന്തുലിതമാക്കി കൊണ്ട്, അതിവേഗ വളര്‍ച്ചാ യുഗത്തിന് അനുസൃതമായാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

3. നിരവധി അംഗീകാരങ്ങള്‍ നിര്‍ത്തലാക്കി

4. ഫോമുകളുടെ എണ്ണം 25 ല്‍ നിന്ന് 5 ആയി കുറച്ചു.

5. ഫീസ് തരങ്ങള്‍ 72 ല്‍ നിന്ന് 4 ആയി കുറച്ചു.

6. ഫീസ് നിരക്ക് നാമമാത്രമായി കുറയ്ക്കുകയും, ഡ്രോണിന്റെ വലുപ്പം അടിസ്ഥാനമാക്കി ഫീസ് നിശ്ചയിക്കുന്നത് ഒഴിവാക്കുകയും ചെയ്തു. ഉദാഹരണത്തിന് എല്ലാതരം ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനുള്ള റിമോട്ട് പൈലറ്റ് ലൈസന്‍സ് ഫീ 3000 രൂപയില്‍ നിന്ന് 100 രൂപയാക്കി കുറച്ചു. ഇതിന് 10 വര്‍ഷം കാലാവധിയുണ്ട്.

7. രജിസ്‌ട്രേഷനും മറ്റുമായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ സ്‌കൈ വെബ്‌സൈറ്റ് ഒരു ഉപഭോക്തൃസൗഹൃദ, ഏകജാലക സംവിധാനമായി വികസിപ്പിക്കും. അനുമതി നല്‍കുന്ന പ്രക്രിയയില്‍ മനുഷ്യ ഇടപെടല്‍ പരിമിതപ്പെടുത്തി വെബ്‌സൈറ്റില്‍ സെല്‍ഫ് ജനറേറ്റ് ചെയ്യുംവിധമാകും.

8. ഈ നിയമങ്ങള്‍ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളില്‍ വ്യോമമേഖലയെ ഗ്രീന്‍, യെല്ലോ, റെഡ് സോണുകളാക്കിയുള്ള ഭൂപടം ഡിജിറ്റല്‍ സ്‌കൈ പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിക്കും.

9. ഗ്രീന്‍ സോണുകളില്‍ ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതി ആവശ്യമില്ല. 400 അടി ഉയരത്തില്‍ ഇവിടെ ഡ്രോണ്‍ പറത്താം. വിമാനത്താവളങ്ങള്‍ക്ക് എട്ട് മുതല്‍ 12 വരെ കിലോമീറ്റര്‍ ദൂരപരിധിയില്‍ 200 അടി വരെ ഉയരമാണ് അനുവദനീയം.

10. യെല്ലോ സോണ്‍, വിമാനത്താവള ചുറ്റളവില്‍ നിന്ന് 45 കിലോമീറ്ററില്‍ നിന്ന് 12 കിലോമീറ്ററായി കുറച്ചു.

11. മൈക്രോ ഡ്രോണുകള്‍ക്കും (വാണിജ്യേതര ഉപയോഗത്തിനുള്ള) നാനോ ഡ്രോണുകള്‍ക്കും റിമോട്ട് പൈലറ്റ് ലൈസന്‍സ് ആവശ്യമില്ല.

12. ഏതെങ്കിലും രജിസ്‌ട്രേഷനോ അല്ലെങ്കില്‍ ലൈസന്‍സ് നല്‍കുന്നതിന് മുന്‍പായോ സുരക്ഷാ അനുമതി ആവശ്യമില്ല.

13. ഗ്രീന്‍ സോണില്‍ സ്ഥിതിചെയ്യുന്ന, സ്വന്തമായോ വാടകയ്‌ക്കോ ഉള്ള സ്ഥലങ്ങളില്‍ ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഗവേഷണവികസന സ്ഥാപനങ്ങള്‍ക്ക് ടൈപ്പ് സര്‍ട്ടിഫിക്കറ്റ്, യുണിക് തിരിച്ചറിയല്‍ നമ്പര്‍, റിമോട്ട് പൈലറ്റ് ലൈസന്‍സ് എന്നിവയുടെ ആവശ്യമില്ല.

14. ഇന്ത്യന്‍ ഡ്രോണ്‍ കമ്പനികളില്‍ വിദേശ ഉടമസ്ഥതയ്ക്ക് നിയന്ത്രണമില്ല.

15. ഡ്രോണുകളുടെ ഇറക്കുമതി നിയന്ത്രിക്കേണ്ടത് DGFT ആണ്.

16. ഡിജിസിഎയില്‍ നിന്നുള്ള ഇറക്കുമതി ക്ലിയറന്‍സിന്റെ ആവശ്യകത നിര്‍ത്തലാക്കി.

17. 2021 ലെ ഡ്രോണ്‍ ചട്ടങ്ങള്‍ പ്രകാരം ഡ്രോണ്‍ ഭാര പരിധി 300 കിലോ ഗ്രാമില്‍ നിന്ന് 500 കിലോഗ്രാം ആയി വര്‍ധിപ്പിച്ചു. ഇതില്‍ ഡ്രോണ്‍ ടാക്‌സികളും ഉള്‍ക്കൊള്ളുന്നു.

18. ഡിജിസിഎ, ആവശ്യമായ പരിശീലന മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും, ഡ്രോണ്‍ സ്‌കൂളുകളുടെ മേല്‍നോട്ടം വഹിക്കുകയും, ഓണ്‍ലൈനില്‍ പൈലറ്റ് ലൈസന്‍സുകള്‍ നല്‍കുകയും ചെയ്യും.

19. ഡിജിറ്റല്‍ സ്‌കൈ പ്ലാറ്റ്‌ഫോമിലൂടെ അംഗീകൃത ഡ്രോണ്‍ സ്‌കൂളില്‍ നിന്ന് റിമോട്ട് പൈലറ്റ് സര്‍ട്ടിഫിക്കറ്റ് പൈലറ്റിന് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ റിമോട്ട് പൈലറ്റ് ലൈസന്‍സ് ഡിജിസിഎ നല്‍കണം.

20. ഡ്രോണുകള്‍ക്ക് ടൈപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള പരിശോധന, ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ അല്ലെങ്കില്‍ അംഗീകൃത ടെസ്റ്റിംഗ് സ്ഥാപനങ്ങള്‍ നടത്തണം.

21. ഇന്ത്യയില്‍ ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കുന്നതിനു മാത്രമാണ് ടൈപ്പ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യകത. ഇറക്കുമതി ചെയ്യുന്നതും കയറ്റുമതിക്കായി നിര്‍മ്മിക്കുന്നതുമായ ഡ്രോണുകളെ ടൈപ്പ് സര്‍ട്ടിഫിക്കേഷനില്‍ നിന്നും പ്രത്യേക തിരിച്ചറിയല്‍ നമ്പറില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു.

22. ഗവേഷണത്തിനോ വിനോദത്തിനോ വേണ്ടി നിര്‍മ്മിച്ച നാനോ, മാതൃകാ ഡ്രോണുകളെയും ടൈപ്പ് സര്‍ട്ടിഫിക്കേഷനില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

23. നിര്‍മ്മാതാക്കള്‍ക്കും ഇറക്കുമതിക്കാര്‍ക്കും സ്വയം സര്‍ട്ടിഫിക്കേഷന്‍ വഴി ഡിജിറ്റല്‍ സ്‌കൈ പ്ലാറ്റ്‌ഫോമില്‍ നിന്ന് അവരുടെ ഡ്രോണുകളുടെ പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ സൃഷ്ടിക്കാന്‍ കഴിയും.

24. ഡിജിറ്റല്‍ സ്‌കൈ പ്ലാറ്റ്‌ഫോം വഴി ഡ്രോണുകള്‍ കൈമാറുന്നതിനും ഡീരജിസ്റ്റര്‍ ചെയ്യുന്നതിനും ഉള്ള പ്രക്രിയ ലളിതമാക്കിയിരിക്കുന്നു.

25. 2021 നവംബര്‍ 30നോ അതിനു മുമ്പോ ഇന്ത്യയില്‍ നിലവിലുള്ള ഡ്രോണുകള്‍ക്ക് ഒരു പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ ഡിജിറ്റല്‍ സ്‌കൈ പ്ലാറ്റ്‌ഫോം വഴി നല്‍കും. അവയ്ക്ക് DAN, ജി എസ് ടി അടച്ച ഇന്‍വോയ്‌സ് എന്നിവ ഉണ്ടാകണം. കൂടാതെ, അവ DGCAഅംഗീകൃത ഡ്രോണുകളുടെ ഭാഗമായിരിക്കുകയും ചെയ്യണം.

26. ഉപയോക്താക്കളുടെ സ്വയം നിരീക്ഷണത്തിനായി ഡിജിറ്റല്‍ സ്‌കൈ പ്ലാറ്റ്‌ഫോമില്‍ ഡി.ജി.സി.എ. മാതൃകാപ്രവര്‍ത്തനം ചട്ടവും പരിശീലന പ്രവര്‍ത്തന നിര്‍ദ്ദേശങ്ങളും വ്യക്തമാക്കിയിരിക്കും. നിര്‍ദ്ദിഷ്ട നടപടിക്രമങ്ങളില്‍ നിന്ന് കാര്യമായ വ്യത്യാസം ഇല്ലെങ്കില്‍ അനുമതികള്‍ ആവശ്യമില്ല.

27. ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ പരമാവധി പിഴ 1 ലക്ഷം രൂപയായി കുറച്ചു.

28. ‘അനുമതിയില്ലെങ്കില്‍ടേക്ക് ഓഫ് ഇല്ല’ (NPNT) തത്സമയ ട്രാക്കിംഗ് ബീക്കണ്‍, ജിയോഫെന്‍സിംഗ് തുടങ്ങിയവ പോലുള്ള സുരക്ഷാ സവിശേഷതകള്‍ ഭാവിയില്‍ വിജ്ഞാപനം ചെയ്യും. ഇവ നടപ്പില്‍ വരുത്തുന്നതിന് വ്യവസായ മേഖലയ്ക്ക് ആറ് മാസത്തെ മുന്‍കൂര്‍ സമയം നല്‍കും.

29. ചരക്ക് വിതരണത്തിനായി ഡ്രോണ്‍ ഇടനാഴികള്‍ വികസിപ്പിക്കും.

30. വളര്‍ച്ചാധിഷ്ഠിത നിയന്ത്രണ സംവിധാനം സാധ്യമാക്കുന്നതിന് അക്കാദമിക വിദഗ്ദര്‍, സ്റ്റാര്‍ട്ടപ്പുകള്‍, മറ്റ് പങ്കാളികള്‍ എന്നിവരുടെ സഹകരണത്തോടെ, ഡ്രോണ്‍ പ്രൊമോഷന്‍ കൗണ്‍സിലിന് ഗവണ്മെന്റ് രൂപം നല്‍കും.