ടൗട്ടെ ചുഴലിക്കാറ്റ്: കേരളത്തില്‍ ശക്തമായ മഴ തുടരും, മെയ് 18 ന് ശേഷം ഗുജറാത്തിലേക്ക് പ്രവേശിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം


കൊച്ചി: അറബിക്കടലില്‍ രൂപം കൊണ്ട ടൌട്ടെ ചുഴലിക്കാറ്റ് ഗുജറാത്തില്‍ പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ടൗട്ടെ’ ചുഴലിക്കാറ്റ് മെയ് 18 ന് ഉച്ചക്ക് ശേഷം മണിക്കൂറില്‍ പരമാവധി 175 കി.മീ വേഗതയില്‍ ഗുജറാത്തിലെ പോര്‍ബന്തറിനും നാലിയക്കും ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ഗുജറാത്തും കടന്ന് പാകിസ്ഥാനിലേക്കും ചുഴലിക്കാറ്റ് പ്രവേശിക്കും. കാറ്റിന്റെ ശക്തി കുറയാനാണ് സാധ്യത.

അതേ സമയം ചുഴലിക്കാറ്റിന്റെ സ്വാധീനം അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കൂടി കേരളത്തില്‍ ശക്തമായിരിക്കും. അറബിക്കടലില്‍ കാലാവര്‍ഷത്തിന് സമാനമായ രീതിയില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിനാല്‍ കേരളത്തില്‍ കാറ്റും മഴയുടെ തീവ്രതയും നാളെയോടെ മാത്രമേ കുറയാന്‍ സാധ്യതയുള്ളൂ. നാളെ കഴിഞ്ഞുള്ള ദിവസങ്ങളിലും സംസ്ഥാന സാധാരണനിലയില്‍ മഴ പ്രതീക്ഷിക്കാം. കേരളത്തില്‍ മഴയും കാറ്റും ശക്തമായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.