ട്രാന്‍സ്ജെന്‍ഡേഴ്സിനും ഭക്ഷ്യധാന്യക്കിറ്റ് ലഭിക്കും


തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡേഴ്സിന് സൗജന്യ ഭക്ഷ്യധാന്യക്കിറ്റുമായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ്. ലോക് ഡൗണില്‍ ജീവനോപാധിക്ക് വകയില്ലാതെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ പ്രയാസം നേരിടുന്നതായി മനസ്സിലാക്കിയാണ് ഇടപെടല്‍. അഞ്ച് കിലോ അരി, ഒരു കിലോ വീതം ചെറുപയര്‍, ആട്ട, പഞ്ചസാര എന്നിവയ്ക്ക് പുറമെ തേയില, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, കടല, വെളിച്ചെണ്ണ, മറ്റു പല വ്യഞ്ജനങ്ങള്‍ അടങ്ങുന്നതാണ് കിറ്റ്.

സപ്ലൈകോ ഔട്ട്ലെറ്റുകളില്‍നിന്ന് ഭക്ഷ്യധാന്യക്കിറ്റ് വാങ്ങി അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യാന്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാരെ ചുമതലപ്പെടുത്തി ഉത്തരവായി.

ഓരോ ജില്ലയിലും ഭക്ഷ്യവസ്തുക്കള്‍ ആവശ്യപ്പെടുന്നവരുടെ എണ്ണവും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കണക്കാക്കണം. അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് സമയബന്ധിതമായി പരാതിയില്ലാതെ വിതരണം ചെയ്യാനും നിര്‍ദേശിച്ചു. ജില്ലാതല ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് സമിതി, സിബിഒകളുടെ സഹായത്തോടെയാണ് വിതരണം ചെയ്യേണ്ടത്. നേരത്തെയും ലോക്ഡൗണ്‍ കാലയളവില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് സമാന നടപടിയിലൂടെ സര്‍ക്കാര്‍ ആശ്വാസം പകര്‍ന്നിരുന്നു.