ടിപിആർ കുറയാത്തതിൽ ആശങ്ക; ലോക്ഡൗൺ ഇളവുകളിൽ തീരുമാനം ഇന്ന്
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകനയോഗം ചേരും. ഇളവുകള്‍ വേണമെന്ന് വ്യാപാരി, വ്യവസായികള്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം സര്‍ക്കാരിന് മുന്നിലുണ്ട്. അതേസമയം കോവിഡ് വ്യാപനവും ടി.പി.ആറും കുറയാത്തത് അശങ്കക്ക് ഇടയാക്കുന്നുമുണ്ട്. ഇന്നു മുതല്‍ വടക്കന്‍ജില്ലകളിലെ കോവിഡ് പരിശോധന വര്‍ധിപ്പിക്കും.
മേയ് എട്ടാം തീയതി മുതല്‍ സംസ്ഥാനത്ത് നിലവില്‍വന്ന നിയന്ത്രണങ്ങളാണ് ഏറിയും കുറഞ്ഞും രണ്ട് മാസമാകുമ്പോഴും തുടരുന്നത്. കോവിഡ് രണ്ടാം തരംഗത്തിന്‍റെ അതിരൂക്ഷ സാഹചര്യം മാറിയെയെങ്കിലും പ്രതിദിനകണക്കുകള്‍ പ്രതീക്ഷിക്കുന്ന പോലെ കുറയുന്നില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍താഴുന്നില്ല. അതേസമയം സംസ്ഥാനം ഇതുപോലെ അടച്ചിടാനുമാവില്ല. ജീവനോപാധികള്‍ക്ക് മുടക്കം വന്നതിനാല്‍പ്രയാസം നേരിടുന്നവര്‍ ഏറെയാണ്. കൂടുതല്‍ ഇളവുകള്‍വേണമെന്ന ആവശ്യം വ്യാപാരി, വ്യവസായികളുള്‍പ്പെടെ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
നിയന്ത്രണങ്ങള്‍ ഈ മാസം അവസാനം വരെ തുടരണമെന്ന അഭിപ്രായമാണ് ആരോഗ്യവകുപ്പും പൊലീസും മുന്നോട്ട് വെച്ചിട്ടുള്ളത്. സെപ്റ്റംബര്‍, ഒക്ടോബര്‍മാസത്തില്‍പ്രതീക്ഷിക്കുന്ന മൂന്നാം തരംഗം വരെയും ചെറിയതോതിലെങ്കിലും നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. ജില്ലാകലക്ടര്‍മാരുടെ അഭിപ്രായം കൂടി കേട്ടശേഷമാകും നിയന്ത്രണങ്ങളുടെയും ഇളവുകളുടെയും കാര്യത്തില്‍ തീരുമാനമെടുക്കുക. പൊതുഗതാഗതം, കടകളും വ്യാപരസ്ഥാപനങ്ങളും, ഹോട്ടലുകള്‍, റസ്റ്ററന്‍റുകള്‍ എന്നിവയുടെ പ്രവര്‍ത്തനം സംബന്ധിച്ച തീരുമാനങ്ങള്‍ക്കാണ് പ്രാധാന്യമുണ്ടാകുക. മുഖ്യമന്ത്രി നിര്‍ദേശിച്ചതനുസരിച്ച് വടക്കന്‍ജില്ലകളിലെ രോഗവ്യാപനത്തെ കുറിച്ച് കലക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കും. പരിശോധനകളുെട എണ്ണം കൂട്ടുകയും ചെയ്യും.