ടിക്കറ്റെടുക്കാന്‍ തയ്യാറായിക്കോളൂ; സംസ്ഥാനത്തെ മള്‍ട്ടിപ്ലക്‌സുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ തിയേറ്ററുകളും തിങ്കളാഴ്ച തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ മള്‍ട്ടിപ്ലക്‌സുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ സിനിമാ തിയേറ്ററുകളും തുറക്കാന്‍ തീരുമാനം. തിയേറ്റര്‍ ഉടമകളുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ഒക്ടോബര്‍ 25 തിങ്കളാഴ്ച മുതലാണ് തിയേറ്ററുകള്‍ തുറക്കുക.
ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നത്. തിയേറ്ററുകള്‍ തുറക്കുന്നതിന് മുന്നോടിയായി ഈ മാസം 22 ന് സര്‍ക്കാറുമായി ചര്‍ച്ച നടത്തും. തിയേറ്ററുകള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട നിയന്ത്രണങ്ങളും മറ്റ് കാര്യങ്ങളും സംബന്ധിച്ച അന്തിമ തീരുമാനം ഈ യോഗത്തില്‍ ഉണ്ടാകും.
മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തിയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നേരത്തേ അനുവാദം നല്‍കിയിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാതെ തിയേറ്ററുകള്‍ തുറക്കില്ല എന്നായിരുന്നു ഉടമകളുടെ നിലപാട്. കെ.എസ്.ഇ.ബിയുടെ ഫിക്‌സഡ് ചാര്‍ജ് ഒഴിവാക്കുക, കെട്ടിട നികുതിയില്‍ ഇളവ് നല്‍കുക, വിനോദ നികുതിയില്‍ ഇളവ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് തിയേറ്റര്‍ ഉടമകള്‍ മുന്നോട്ട് വച്ചത്.
നിരവധി സിനിമകളാണ് തിയേറ്ററില്‍ എത്താനായി കാത്തിരിക്കുന്നത്. സൂപ്പര്‍ താര ചിത്രങ്ങള്‍ അടക്കം തിയേറ്ററില്‍ റിലീസ് ചെയ്യാനായി കാത്തിരിക്കുന്നുണ്ട്. തിയേറ്ററുകള്‍ തുറക്കുന്നതോടെ സിനിമ ലോകം വീണ്ടും സജീവമായി മാറുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികളും പ്രവര്‍ത്തകരും.
പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടായിരിക്കും തീയറ്ററുകളുടെ പ്രവര്‍ത്തനം. 50 ശതമാനം സീറ്റുകളിലേക്കെങ്കിലും പ്രവേശനം അനുവദിക്കണമെന്ന് തീയറ്റര്‍ ഉടമകള്‍ ആവശ്യമറിയിച്ചിരുന്നു. രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് മാത്രമാണ് തീയറ്ററുകളില്‍ പ്രവേശനാനുമതി. എ.സി പ്രവര്‍ത്തിപ്പിക്കാം. ഈ രീതിയില്‍ തന്നെ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും തുറക്കാം.