‘ഞാനപ്പോഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്’; ഫേസ്ബുക്ക് ലൈവിനിടെ ഷാഫി പറമ്പിൽ, ട്രോളുമായി സോഷ്യല്‍മീഡിയ, വീഡിയോ കാണാം


തിരുവനന്തപുരം: പെട്രോൾ വില 100 കടന്നതിൽ പ്രതിഷേധിച്ച് യൂത്ത്‌ കോൺഗ്രസ് നടത്തിയ സൈക്കിള്‍ റാലിക്കിടെ അബദ്ധം പിണഞ്ഞ് സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിൽ എംഎല്‍എ. സൈക്കിൾ ചവിട്ടി ക്ഷീണിച്ച ഷാഫി “ഞാനപ്പോഴേ പറഞ്ഞതാ വല്ല പദയാത്രയും മതിയെന്ന്‌’ പ്രവർത്തകരോട്‌ പറയുന്ന വീഡിയോ വൈറലാകുന്നു. ഫേസ്ബുക്ക് ലൈവിനിടെ ഷാഫിക്ക് പറ്റിയ അമിളി ട്രോളന്മാരും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിട്ടുണ്ട്.

പ്രതിഷേധ സൈക്കിള്‍ യാത്ര ഫേസ്ബുക്കില്‍ ലൈവ് വീഡിയോയി പ്രചരിപ്പിക്കുന്നതിനിടെയാണ് ഷാഫി പറമ്പിലിന് അബദ്ധം പറ്റിയത്. ‘ഞാനപ്പോഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്’ എന്നായിരുന്നു ഷാഫിയുടെ കമന്‍റ്. പ്രവര്‍ത്തകരിലൊരാള്‍ ഇത് ലൈവ് വീഡിയോ ആണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ഡിലീറ്റ് ചെയ്യാന്‍ ഷാഫി പലതവണ പറയുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം വൈറലായി. രാഷ്ട്രീയ പ്രതിയോഗികളും ട്രോളന്മാരും യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധ പരിപാടിയെ പരിഹസിച്ച് രംഗത്ത് വന്നു. ആത്മാര്‍ത്ഥതിയില്ലാത്ത പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച് എന്തിനാണ് ഈ പ്രഹസനമെന്നാണ് അവരുടെ ചോദ്യം.

പെട്രോള്‍ വില 100 കടന്നതിനെതിരെ 100 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. കായംകുളം മുതൽ രാജ്ഭവൻ വരെയായിരുന്നു സൈക്കിള്‍ യാത്ര. രണ്ടാം ദിവസം കടമ്പാട്ട് കോണത്ത് നിന്നും ആരംഭിച്ച പ്രതിഷേധ യാത്ര സമാപിച്ചു.